മനസ്സുലയാതെ മലയാളി ഐക്യം; ചുഴലിക്കാറ്റിന്റെ ദിനങ്ങളിൽ ആവശ്യക്കാരിലേക്ക് സഹായവുമായി ഓടിയെത്തി മലയാളികൾ
Mail This Article
ചെന്നൈ ∙ നഗരത്തെ വിറപ്പിച്ച് മിഷോങ് ചുഴലിക്കാറ്റ് താണ്ഡവമാടിയപ്പോഴും ഉലയാതെ ഒറ്റക്കെട്ടായി നിന്ന് മലയാളികൾ. വിവിധയിടങ്ങളിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാനും ഭക്ഷണം അടക്കമുള്ള സഹായങ്ങൾ എത്തിക്കാനും പ്രതിസന്ധിക്കിടയിലും സംഘടനാ പ്രവർത്തകർ മുന്നിട്ടിറങ്ങി.ആവശ്യമായ നിർദേശങ്ങൾ നൽകിയും വിവരങ്ങൾ പങ്കുവച്ചും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി നോർക്കയും സജീവമായിരുന്നു.
രക്ഷാപ്രവർത്തനം നയിച്ച് നോർക്ക
ചെന്നൈയിലും സമീപ ജില്ലകളിലും മഴയും വെള്ളക്കെട്ടും വില്ലനായി മാറിത്തുടങ്ങിയതിനു പിന്നാലെ നോർക്ക രക്ഷാപ്രവർത്തനങ്ങൾക്കായി ഇറങ്ങിത്തിരിച്ചു. ഇതിനായി ആദ്യം ഹെൽപ് ഡെസ്ക് ആരംഭിച്ചു. സാമൂഹിക പ്രവർത്തകരും സംഘടനാ പ്രവർത്തകരും അടങ്ങുന്ന 7 പേരെ ഹെൽപ് ഡെസ്ക്കിൽ ഉൾപ്പെടുത്തി. ഹെൽപ് ഡെസ്ക്കിൽ ആയിരത്തിലേറെ ഫോൺ കോളുകൾ ലഭിച്ചതായി നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ പറഞ്ഞു. ബന്ധുക്കളെ വിളിച്ചിട്ടു കിട്ടാത്തതുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് ഒട്ടേറെ വിളികൾ എത്തി. വലിയ ആശങ്കയോടെ വിളിച്ച എല്ലാവരെയും ആശ്വസിപ്പിച്ചു. വൈദ്യുതി, മൊബൈൽ നെറ്റ്‌വർക് എന്നിവ ഇല്ലെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ബോധ്യപ്പെടുത്തിയതായി അനു പി.ചാക്കോ പറഞ്ഞു. ഭക്ഷണം, വെള്ളം എന്നിവ ലഭിക്കാതെ ബുദ്ധിമുട്ടിയവർക്ക് മലയാളി സംഘടനകൾ മുഖേന അവ ലഭ്യമാക്കി. വെള്ളത്തിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായും അവർ പറഞ്ഞു.
ആപത്തിലെ ഒരുമ
ചെന്നൈയിലും സമീപ ജില്ലകളിലുമായി ഒട്ടേറെ മലയാളി സംഘടനകളുണ്ട്. സംഘടനകൾക്ക് അതീതമായി, അത്യാവശ്യ ഘട്ടങ്ങളിൽ വിലമതിക്കാനാകാത്ത ഐക്യമാണു തങ്ങൾക്കുള്ളതെന്ന് മലയാളികൾ വീണ്ടും തെളിയിച്ചു. മൊബൈൽ നെറ്റ്‌വർക് ഇല്ലാത്തത് അടക്കം പരിമിതികൾ ഏറെയുണ്ടായിട്ടും ഒട്ടേറെ സഹായമെത്തിക്കാൻ സംഘടനാ പ്രവർത്തകർക്കു കഴിഞ്ഞു. ഭക്ഷണം, വെള്ളം എന്നിവ തേടി നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നു കോളുകൾ ലഭിച്ചതായും അവിടങ്ങളിലുള്ള വ്യക്തികളുമായി ബന്ധപ്പെട്ട് അവ എത്തിച്ചതായും സിടിഎംഎ ജനറൽ സെക്രട്ടറി എം.പി.അൻവർ പറഞ്ഞു. ഫോണിൽ കിട്ടുന്നില്ലെന്നു പറഞ്ഞു നാട്ടിൽ നിന്നു വിളിച്ച ബന്ധുക്കൾക്ക് അവരെ ബന്ധപ്പെടാനുള്ള സംവിധാനം ചെയ്തു കൊടുത്തു.
ഒരു തരത്തിലും നേരിട്ടു ചെന്നു സഹായിക്കാൻ പറ്റാത്ത കോളുകൾ സർക്കാരുമായി ബന്ധപ്പെട്ട സംവിധാനത്തിനു കൈമാറിയതായും അൻവർ പറഞ്ഞു. മൊബൈൽ നെറ്റ്‌വർക് മോശമായതിനാൽ സഹായം എത്തിക്കുന്നതിനു വലിയ തടസ്സം നേരിട്ടതായും എന്നാലും ചെറിയ തോതിലെങ്കിലും സഹായിക്കാൻ കഴിഞ്ഞതായും എയ്മ സംസ്ഥാന സെക്രട്ടറി സജി വർഗീസ് പറഞ്ഞു.ചെന്നൈയിലും പരിസര പ്രദേശങ്ങളിലും രക്ഷകരായി മലയാളികൾ മുന്നിട്ടിറങ്ങി. ഗുമ്മിടിപൂണ്ടിയിൽ ഭക്ഷണവും പണവുമില്ലാതെ വലഞ്ഞ യുവാവിന് അരികിലേക്ക് പാതിരാത്രി നടന്നു ചെന്നു സഹായം എത്തിച്ച സാമൂഹിക പ്രവർത്തകൻ ജെ.ക്ലമന്റ്, പെരുമഴയിലും വെള്ളത്തിലും ആംബുലൻസുമായി രക്ഷാപ്രവർത്തനത്തിറങ്ങിയ കെഎംസിസിയിലെ എ.ഷംസുദ്ദീൻ, ഒഎംആർ–ഇസിആർ മേഖലകളിൽ പ്രവർത്തിച്ച അഷ്റഫ് പടിഞ്ഞാറെക്കര തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രം.
വീടുകളിൽ മോഷണം
പ്രളയത്തെ തുടർന്നു ബന്ധുവീടുകളിലേക്കു മാറിയവരുടെ വീടുകളിൽ വ്യാപക മോഷണമെന്നു പരാതി. ഉപേക്ഷിക്കപ്പെട്ട നിലയിലായ വീടുകളും കാറുകളും കേന്ദ്രീകരിച്ചാണു വ്യാപക മോഷണം. ആളൊഴിഞ്ഞ വീടുകളിലെത്തുന്ന മോഷ്ടാക്കൾ വാതിലുകൾ തകർത്ത് അകത്ത് കടന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതായാണ് റിപ്പോർട്ട്. പലരും തിരിച്ചെത്തിയപ്പോഴാണു വിലപ്പെട്ട പല സാധനങ്ങളും നഷ്ടപ്പെട്ടത് അറിഞ്ഞത്. കാറിനുള്ളിലെ ഉപകരണങ്ങൾ നഷ്ടപ്പെട്ടവരുമുണ്ട്.
നഗരത്തിൽ മഴയ്ക്ക് സാധ്യത
നഗരത്തിന്റെ ചില ഭാഗങ്ങളിൽ അടുത്ത 2 ദിവസം മിന്നലോടു കൂടി നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് മേഖല കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24-25 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും അറിയിച്ചു. 6 ദിവസത്തേക്ക് പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലും മാലദ്വീപിനോടു ചേർന്നുള്ള പ്രദേശങ്ങളിലും ന്യൂനമർദം ഉള്ളതിനാൽ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇന്നും നാളെയും സ്പെഷൽ ക്യാംപ്
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴയിൽ സർക്കാർ രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടും നൽകുന്നതിനായി ഇന്നും നാളെയും പ്രത്യേക ക്യാംപ് നടത്തും. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, ജനന – മരണ സർട്ടിഫിക്കറ്റുകൾ, സ്കൂൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ സൗജന്യമായി നൽകും. കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ താലൂക്കുകളിൽ ഇന്നും ചെന്നൈയിൽ കോർപറേഷൻ ഡിവിഷനൽ ഓഫിസുകളിൽ നാളെയും ക്യാംപുകൾ നടക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ഉൾപ്പെടെ 4 ജില്ലകളിലെ ആരോഗ്യപ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചെന്നൈയിൽ 15 സോണുകൾക്കും ഹെൽത്ത് ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്.
6,000 രൂപ വിതരണം ഒരാഴ്ചയ്ക്കകം
മിഷോങ് ചുഴലിക്കാറ്റിൽ ദുരിതബാധിതരായവർക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്നു മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ടോക്കണുകളുടെ അടിസ്ഥാനത്തിലാകും വിതരണം. ചെന്നൈയിലും സമീപ ജില്ലകളിലും ദുരിത ബാധിതർക്കു റേഷൻ കാർഡുകൾ വഴി 6,000 രൂപ വിതരണം ചെയ്യാനാണു സർക്കാർ തീരുമാനം. റേഷൻ കാർഡ് ഉള്ളവർക്കും കാർഡിന് അപേക്ഷിച്ചവർക്കും തുക ലഭിക്കും. കാർഡ് ഇല്ലാത്തവർക്കും ധനസഹായം ലഭ്യമാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.