ADVERTISEMENT

ചെന്നൈ ∙ വലിയ വിമാനങ്ങൾക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലെ എയ്റോ ബ്രിജുകളുടെ എണ്ണം ഇരട്ടിയിലേറെയാക്കാൻ ഒരുങ്ങി ചെന്നൈ രാജ്യാന്തര വിമാനത്താവളം. നിലവിൽ രാജ്യാന്തര ടെർമിനലിൽ 4 എയ്റോ ബ്രിജാണുള്ളത്. ഒരു എയ്റോബ്രിജിന്റെ നിർമാണം പുരോഗമിക്കുകയാണ്. മാർച്ചിൽ ഇതും പ്രവർത്തനക്ഷമമാകും. 2025ൽ രണ്ടാം ടെർമിനൽ കൂടി പൂർത്തിയാകുന്നതോടെ ‘കോഡ് ഇ’ ഗണത്തിലുള്ള വലിയ വിമാനങ്ങൾക്ക് ഉപയോഗിക്കാവുന്ന എയ്റോബ്രിജുക‍ൾ ഒൻപതാകും. 

വിമാനത്താവളത്തിന്റെ കെട്ടിടത്തിൽ നിന്ന് വിമാനത്തിലേക്ക് നേരിട്ട് യാത്രക്കാരെ പ്രവേശിപ്പിക്കുന്ന ചലിപ്പിക്കാൻ സാധിക്കുന്ന പാതകളാണ് എയ്റോബ്രിജ് അഥവാ പാസഞ്ചർ ബോർഡിങ് ബ്രിജ് (പിബിബി).ആധുനിക വിമാന ശ്രേണികളായ എ350, ബി777 വിമാനങ്ങൾക്ക് ഉപയുക്തമായ ബ്രിജുകളാണ് തയാറാക്കുന്നത്. 

ഒരേസമയം 9 രാജ്യാന്തര വിമാനങ്ങൾക്ക് ഇവ ഉപയോഗിക്കാൻ സൗകര്യം ഒരുങ്ങുന്നതോടെ കൂടുതൽ ദീർഘദൂര സർവീസുകൾ അടക്കം കൂടുതൽ നടത്താൻ സാധിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അധിക‍ൃതർ പറഞ്ഞു

 ഗ്രീൻഫീൽഡ് വിമാനത്താവളം ബാധിക്കുമോ?
പരന്തൂരിൽ നിർമിക്കാനുദ്ദേശിക്കുന്ന ഗ്രീൻഫീൽഡ് വിമാനത്താവളത്തിൽ കൂടുതൽ എയ്റോബ്രിജും ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്താൻ സാധിക്കുമെന്നിരിക്കെ വികസന, വിപുലീകരണ സാധ്യതകൾ കുറവായ നഗരത്തിലെ വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾക്ക് സൗകര്യമൊരുക്കാൻ അധിക‍ൃതർ മടിക്കുന്നതായി പരാതിയുണ്ട്. ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളായ ബെംഗളൂരുവിലും ഹൈദരാബാദിലും ഒട്ടേറെ വലുപ്പമേറിയ വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. വിപുലീകരണ സാധ്യതയില്ലാത്ത ബ്രൗൺഫീൽഡ് വിമാനത്താവളങ്ങളുടെ പട്ടികയിലാണു ചെന്നൈയുടെ സ്ഥാനമെന്നതും പ്രതിസന്ധിയാണ്.

പ്രതിസന്ധിയാകുന്നത് സൗകര്യങ്ങളുടെ അഭാവം
ആവശ്യത്തിന് എയ്റോബ്രിജുമ ടാക്സിവേയും ഇല്ലാത്തതടക്കമുള്ള കാരണങ്ങളാൽ വലുപ്പം കൂടിയ വിദേശ വിമാനങ്ങൾക്കു ചെന്നൈ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ നടത്താൻ അസൗകര്യങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് നിരവധി വിദേശ വിമാന കമ്പനികൾ ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ മാറ്റാൻ തയാറെടുക്കുന്നതായി സൂചനയുണ്ട്.

നിലവിൽ ചെന്നൈ വിമാനത്താവളത്തിൽ 13 എയ്റോബ്രിജ് ഉണ്ടെങ്കിലും വലുപ്പം കൂടിയ വിമാനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നവ 4 എണ്ണം മാത്രമാണ്. ‘കോഡ് ഇ’ എന്നറിയപ്പെടുന്ന വലുപ്പം കൂടിയ വിമാനങ്ങളാണ് പ്രമുഖ വിദേശ വിമാന കമ്പനികളുടേത്. ഒരേ സമയം ഒട്ടേറെ വിദേശ വിമാനങ്ങളും വലുപ്പം കൂടിയ ആഭ്യന്തര വിമാനങ്ങളും എത്തുമ്പോൾ ഇവയ്ക്ക് അനുയോജ്യമായ എയ്റോ ബ്രിജുകൾ ലഭ്യമാകാത്തതു കമ്പനികളുടെ ചെലവും വർധിപ്പിക്കും.

വിമാനത്താവളത്തിന്റെ പ്രധാന കെട്ടിടത്തിൽ നിന്ന് വളരെ അകലെ പാർക്ക് ചെയ്ത ശേഷം പ്രത്യേക വാഹനങ്ങളിൽ യാത്രക്കാരെയും ലഗേജും എത്തിക്കേണ്ടി വരുന്നു. യാത്രക്കാരുടെ കാത്തിരിപ്പു നീളുന്നതിന് കാരണമാകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com