കോഴിക്കോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി ചുറ്റുവട്ടം അവാർഡ് ജൂറി സംഘം
Mail This Article
കോഴിക്കോട് ∙ മനോരമ ഓൺലൈൻ - മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിലെ ജൂറി പ്രതിനിധികളുടെ സന്ദർശനം കോഴിക്കോട് ജില്ല പിന്നിട്ടു. ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ പുതിയറ നേതാജി റോഡ്, നന്മ, വഴിപോക്ക് കോറോത്തുമൂല റസിഡൻ്റ്സ് അസോസിയേഷനുകളുടെ പ്രവർത്തനം സംഘം വെള്ളിയാഴ്ച നേരിട്ടു വിലയിരുത്തി. ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളാണ് ഈ അസോസിയേഷനുകൾ നടപ്പിലാക്കുന്നത്.
വൃത്തിയുള്ള ചുറ്റുപാട്, ജൈവ കൃഷി, വയോജനക്ഷേമം, സ്ത്രീകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾ, പകൽ വീട്, പ്ലാസ്റ്റിക് സംസ്കരണം, ആരോഗ്യ-ആയോധന കലകളുടെ പരിശീലനം, സമൂഹ അടുക്കള തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലെ റസിഡൻ്റ്സ് അസോസിയേഷനുകളിൽ കാണാനായി. കേരളത്തിലെ മികച്ച റസിഡൻ്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള ചുറ്റുവട്ടം അവാർഡിൻ്റെ ഫൈനൽ റൗണ്ടിലേക്ക് 14 ജില്ലകളിൽ നിന്നായി 38 റസിഡൻ്റ്സ് അസോസിയേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.