കൊച്ചി വിമാനത്താവളത്തിൽ ഡിജിയാത്ര: ആദ്യഘട്ട പരീക്ഷണം വിജയകരം

HIGHLIGHTS
  • പ്രവേശനത്തിന് ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതി ഈ വർഷം മുതൽ
airport-discussion
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്.
SHARE

കൊച്ചി/നെടുമ്പാശേരി∙ വിമാനത്താവളത്തിൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പ്രവേശിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്ന ‘ഡിജിയാത്ര’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളം. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം വിമാനത്താവളം സന്ദർശിക്കുകയും സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഡിജിയാത്രയുടെ ഒന്നാം ഘട്ടമായ ഇ-ഗേറ്റ് പ്രവർത്തിപ്പിക്കാൻ സിയാലിന്റെ ഐടി വിഭാഗം സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിട്ടുള്ളത്. മൊബൈൽ ഫോണിലുള്ള ടിക്കറ്റിന്റെ ബാർകോഡ് സ്കാൻ ചെയ്ത് പരിശോധന ഉറപ്പാക്കുകയാണ് ആദ്യഘട്ടം. ഇതിനായി സിഐഎസ്എഫ് സുരക്ഷാ ജീവനക്കാർക്കു പകരം ഇ-ഗേറ്റ് സംവിധാനം സിയാലിന്റെ ആഭ്യന്തര ടെർമിനലിൽ ഘടിപ്പിച്ചിട്ടുണ്ട്.

Also read: ആഗ്: 260 പേർ തടങ്കലിൽ, സാമൂഹിക വിരുദ്ധർക്കെതിരെ ജില്ലയിൽ വ്യാപക പരിശോധന

യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും ആധാർ രേഖയുമായും എയർലൈൻ ടിക്കറ്റുമായും ഒത്തുനോക്കി വിമാനത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് ഡിജിയാത്രയുടെ രണ്ടാംഘട്ടം. ഇത് നടപ്പിലാക്കിയാൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ തുടങ്ങിയവ സുരക്ഷാ ഭടൻമാരെ കാണിക്കേണ്ടതില്ല. ഇ-ഗേറ്റുവഴി യാത്രക്കാർക്ക് പ്രവേശിക്കാനാകും. പദ്ധതി ഈ വർഷം തന്നെ സിയാലിൽ നടപ്പിലാക്കും. 

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും ഡിജിയാത്ര പ്രവർത്തനക്ഷമമാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി വിമാനത്താവളങ്ങളിലെ അടയാള ബോർഡുകളും അറിയിപ്പുകളും ഡിജിറ്റൽ രൂപത്തിലാക്കണം. വിവിധ ഭാഷകളിൽ യാത്രക്കാരുമായുള്ള ആശയവിനിമയം സാധ്യമാക്കണം. അകച്ചമയങ്ങളുടെയും വൃത്തിയുടെയും കാര്യത്തിൽ മറ്റു വിമാനത്താവളങ്ങൾ കൊച്ചിയെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, സിഐഎസ്എഫ്, എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS