ബ്രഹ്മപുരത്തെ ബയോമൈനിങ്: ആദ്യ 5 മാസം സോണ്ട ഇൻഫ്രാടെക് ഒന്നും ചെയ്തില്ല, പിഴവുകൾ കണ്ടെത്തിയ റിപ്പോർട്ടുകളും...
Mail This Article
കൊച്ചി ∙ ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം 9 മാസത്തിനുള്ളിൽ ബയോമൈനിങ് നടത്തി സംസ്കരിച്ചു നീക്കാൻ കൊച്ചി കോർപറേഷനുമായി കരാർ ഒപ്പുവച്ചിട്ടും ആദ്യ 5 മാസം സോണ്ട ഇൻഫ്രാടെക് ഒന്നും ചെയ്തില്ല. ബയോമൈനിങ് കരാർ കോർപറേഷനും സോണ്ടയും ഒപ്പുവച്ചത് 2021 സെപ്റ്റംബർ 6ന്. എന്നാൽ സോണ്ട പണി തുടങ്ങിയത് 2022 ഫെബ്രുവരിയിൽ. പണി തുടങ്ങുമ്പോഴും സോണ്ടയ്ക്കു പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല. മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തനാനുമതി (കൺസെന്റ് ടു ഓപ്പറേറ്റ്) നൽകുന്നത് 2022 മേയ് 17ന്. യഥാർഥ കരാർ പ്രകാരം ജൂൺ 6നു കരാറിന്റെ കാലാവധി തീരേണ്ടതായിരുന്നു. എന്നാൽ, പിന്നീടത് ഈ വർഷം ജൂൺ 30ലേക്കു നീട്ടി നൽകി.
2022 ഫെബ്രുവരിയിലും മാർച്ചിലും മലിനീകരണ നിയന്ത്രണ ബോർഡ് ബയോമൈനിങ് നടക്കുന്നതു പരിശോധിച്ചിരുന്നു. ബയോമൈനിങ്ങിൽ പിഴവുകൾ കണ്ടെത്തുകയും സെക്രട്ടറിക്കു റിപ്പോർട്ട് നൽകുകയും ചെയ്തു. 2022 മേയ് പകുതിയോടെ നിർത്തിയ ബയോമൈനിങ് പിന്നീട് ഒക്ടോബർ അവസാനമാണു പുനഃരാരംഭിച്ചത്. മഴ കാരണമാണു ബയോമൈനിങ് നിർത്തേണ്ടി വന്നതെന്നാണു സോണ്ടയുടെ വാദം. ഈ ജനുവരിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനകളിലും ബയോമൈനിങ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
മാലിന്യം ശരിയായ രീതിയിൽ തരംതിരിക്കാതെയാണു ബയോമൈനിങ് നടത്തുന്നതെന്നാണു കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡ് കോർപറേഷനു നോട്ടിസ് നൽകുകയും ചെയ്തു. ബയോമൈനിങ് നടത്തി വേർതിരിച്ചെടുത്തതെന്നു പറയുന്ന മണ്ണിൽ മരക്കഷണങ്ങളും കല്ലുകളും കണ്ടെത്തി. പാഴ്‌വസ്തുക്കളായി കണക്കാക്കി നീക്കിയ വസ്തുക്കളിൽ (റിജക്റ്റ്സ്) വലിയ പ്ലാസ്റ്റിക് കഷണങ്ങളും കണ്ടെത്തി. തുടർന്നു ബയോമൈനിങ്ങിനു കൂടുതൽ ചെറിയ അരിപ്പകൾ ഉപയോഗിക്കണമെന്നു ബോർഡ് കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു.