കൊച്ചി ∙ വീടുകളിൽ നിന്നുള്ള ബയോമെഡിക്കൽ, സാനിറ്ററി മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണം, സംസ്കരണം എന്നിവയ്ക്കു സ്വകാര്യ കമ്പനിയെ നിയോഗിക്കുന്ന കാര്യം കോർപറേഷൻ പരിഗണിക്കുന്നു. ഇതു സംബന്ധിച്ചു താൽപര്യപത്രം വിളിച്ചതിൽ 3 കമ്പനികൾ മുന്നോട്ടു വരികയും ഒരു കമ്പനിയുമായി കോർപറേഷൻ ചർച്ചകൾ നടത്തുകയും ചെയ്തു. 25നു ചേരുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
കിലോയ്ക്ക് 45 രൂപ നിരക്കിൽ ഗാർഹിക ബയോമെഡിക്കൽ, സാനിറ്ററി മാലിന്യം ശേഖരിക്കാൻ തയാറാണെന്നാണു കമ്പനി അറിയിച്ചിട്ടുള്ളത്. കോർപറേഷൻ പരിധിയിലെ വീടുകളിൽ നിന്നുള്ള ബയോമെഡിക്കൽ, സാനിറ്ററി മാലിന്യം നേരത്തേ മാലിന്യ ശേഖരണത്തൊഴിലാളികൾ തന്നെ ശേഖരിക്കുന്നതായിരുന്നു രീതി. എന്നാൽ ഇതിന്റെ ശാസ്ത്രീയമായ സംസ്കരണം വെല്ലുവിളിയായിരുന്നു.
ഈ സാഹചര്യത്തിലാണു വീടുകളിൽ നിന്നുള്ള ബയോമെഡിക്കൽ, സാനിറ്ററി മാലിന്യ സംസ്കരണത്തിനു സ്വകാര്യ കമ്പനിയെ നിയോഗിക്കാനുള്ള നടപടികൾ കോർപറേഷൻ സ്വീകരിക്കുന്നത്. വീടുകളിൽ നിന്നുള്ള അജൈവ മാലിന്യം ഹരിതകർമ സേനകൾ വഴി ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്കു കൈമാറി സംസ്കരിക്കാനുള്ള പദ്ധതി കോർപറേഷൻ ആവിഷ്ക്കരിച്ചിട്ടുണ്ട്.
വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള കലണ്ടറിനു കോർപറേഷൻ രൂപം നൽകിയിട്ടുണ്ട്. ജൈവ മാലിന്യ സംസ്കരണത്തിൽ ഒരു പങ്ക് ഉറവിട മാലിന്യ, തുമ്പൂർമുഴി മോഡൽ രീതിയിലേക്കു മാറ്റുക വഴി ബ്രഹ്മപുരത്തേക്കു കൊണ്ടു പോകുന്ന മാലിന്യത്തിന്റെ അളവ് വൻതോതിൽ കുറയ്ക്കാമെന്നാണു കോർപറേഷൻ കണക്കു കൂട്ടുന്നത്.