കൊച്ചി∙ ബ്രിട്ടിഷ് റോയൽ നേവി കപ്പലായ എച്ച്എംഎസ് ലാൻകാസ്റ്റർ, ക്രൂ ചേഞ്ചിനായി (ജീവനക്കാരുടെ മാറ്റം) കൊച്ചിയിലെത്തി. ഇന്ത്യൻ നേവിയുമായി 2 ദിവസം കടലിൽ സംയുക്ത സൈനിക അഭ്യാസം നടത്തിയ ശേഷമാണ് കൊച്ചിയിലേക്കുള്ള വരവ്. ഇന്ത്യൻ നാവിക സേനയുമായി ചേർന്ന് ഹെലികോപ്റ്റർ, അന്തർവാഹിനി ഓപ്പറേഷനുകൾ നടത്തിയെന്ന് കമാൻഡർ പോൾ ഇർവിങ് അറിയിച്ചു.
കൊങ്കൺ 2023 എന്നു പേരിട്ട സംയുക്ത സൈനിക അഭ്യാസത്തിൽ ഇന്ത്യൻ നേവിയുടെ കപ്പലായ ഐഎൻഎസ് തൃശൂൽ പങ്കെടുത്തു. ബ്രിട്ടിഷ് കപ്പലിലെ ജീവനക്കാരുടെ മാറ്റം 5 ദിവസം നീളുന്ന പ്രക്രിയയാണ്. സ്റ്റോറിലെ സൂക്ഷിപ്പുകളും പടക്കോപ്പുകളുമെല്ലാം കൈമാറണം. 2022 ഓഗസ്റ്റിൽ ബ്രിട്ടനിൽ നിന്നു പുറപ്പെട്ട കപ്പലിൽ 200 ജീവനക്കാരാണുള്ളത്.




