ADVERTISEMENT

കൊച്ചി∙ കുടിക്കാനുള്ള ആവശ്യത്തിനു കിണർ വെള്ളം വിൽക്കുന്നവർ ലൈസൻസ് എടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഈ ആവശ്യത്തിനു വെള്ളം വിൽക്കുന്ന കിണർ ഉടമകളും ഫുഡ് ഓപ്പറേറ്റർമാരും ലൈസൻസ് എടുക്കാനും നിലവാരം ഉറപ്പാക്കാനും നിർദേശിച്ച് സർക്കാർ പൊതു നോട്ടിസ് പുറപ്പെടുവിക്കണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇത്തരക്കാർക്കു വ്യക്തിഗത നോട്ടിസ് നൽകണമെന്നും കോടതി നിർദേശിച്ചു. 

പൊതുജനങ്ങൾക്കു കുടിക്കാനുള്ള കിണർ വെള്ളത്തിന്റെ നിലവാരം ഉറപ്പാക്കുന്ന കാര്യം ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റിയുടെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തണമെന്നു കോടതി നിർദേശിച്ചു. 

  വെള്ളത്തിനു നിലവാരമില്ലെന്നു ലാബ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നു നടപടി ആരംഭിച്ചതിനെതിരെ കൊച്ചി സ്വദേശി പി.എ. നിസാം, കൊച്ചിയിലെ ഹിഷാം ട്രാൻസ്പോർട്സ് തുടങ്ങിയവരുടെ ഹർജികൾ തള്ളിയാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. കിണർ ഉടമയിൽ നിന്ന് വെള്ളം വാങ്ങി കണ്ടെയ്നറിലും ടാങ്കറിലും കുടിവെള്ളം വിൽക്കുന്നവരും ഫുഡ് ഓപ്പറേറ്റർമാരുമാണ് ഹർജിക്കാർ.

  ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിലോ ചട്ടത്തിലോ കിണർ വെള്ളത്തിന്റെ കാര്യം പറയുന്നില്ലെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ നിരവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഒന്നും തന്നെ ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്നും ലൈസൻസ് വേണമെന്നും ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി വാദിച്ചു. കിണറിലെ വെള്ളം കുടിക്കാൻ മാത്രമാണോ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നു വ്യക്തമല്ല, പക്ഷേ, വെള്ളം വിതരണം ചെയ്യുന്ന ടാങ്കറിൽ കുടിവെള്ളം എന്ന് എഴുതിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. ചട്ടത്തിൽ കിണർ വെള്ളത്തെക്കുറിച്ചു പറഞ്ഞിട്ടില്ലെങ്കിലും കുടിക്കാനുള്ള വെള്ളത്തെ ഉദ്ദേശിച്ചുള്ളതാണ്. 

 കിണർ വെള്ളത്തിന്റെ കാര്യത്തിൽ നടപടി പാടില്ലെന്നു പറയാൻ പ്രഥമദൃഷ്ട്യാ സാധിക്കില്ല. മലിനമോ നിലവാരമില്ലാത്തതോ ആയ കുടിവെള്ളം വിൽക്കുന്നത് ഒഴിവാക്കാൻ ലൈസൻസ് ഏർപ്പെടുത്താൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കും ഉദ്യോഗസ്ഥർക്കും നിർദേശം ആവശ്യമാണെന്നു കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com