ബിനാലെയിൽ ഇന്ന് സംവാദാത്മക തിയറ്റർ ഇൻസ്റ്റലേഷൻ, ആർട്ട് റൂമിൽ നാളെ ജിതേന്റെ സംഗീതം
Mail This Article
കൊച്ചി ∙ ടി.എസ്. എലിയറ്റിന്റെ കാവ്യം 'ദി വേസ്റ്റ് ലാൻഡ്' ശതാബ്‌ദി പിന്നിടുമ്പോൾ ബിനാലെയിലെ ആഘോഷമായി ഇന്നു സംവാദാത്മക തിയറ്റർ ഇൻസ്റ്റലേഷൻ. തൃക്കാക്കര ഭാരതമാത കോളജിലെ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ് 'ലാബിറിന്ത്' എന്ന പേരിൽ സംവാദാത്മക തിയറ്റർ ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ഫോർട്ട്കൊച്ചി വെളി ദോബി ഖാനയിൽ ഉച്ചയ്ക്ക് 2 മുതൽ 6 വരെ നടക്കുന്ന അവതരണത്തിൽ മുപ്പതിലേറെ വിദ്യാർഥികൾ പങ്കെടുക്കും. ദോബി ഖാനയിലെ ആളുകളുടെ ജീവിത പരിസര ഘടകങ്ങളും ഇഴചേർന്നതാകും ഇൻസ്റ്റലേഷൻ. നെവിൻ മാനാടനാണു സംവിധാനം.
ഫോർട്ട്കൊച്ചി കബ്രാൾയാർഡ് പവിലിയനിൽ മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ഏഴിന് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ സംഗീതജ്ഞൻ ടി.എം.കൃഷ്‌ണ ആലപിക്കും.രാവിലെ ഏഴുമുതൽ മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന ഹെറിറ്റേജ് ആൻഡ് ആർട്ട് ഓൺ ഫുട്ട് എന്ന പരിപാടിക്ക് ആർക്കിടെക്റ്റ് അസ്‌ന പർവീൺ നേതൃത്വം നൽകും. കബ്രാൾയാർഡ് ആർട്ട്റൂമിൽ പ്രശസ്‌ത വസ്ത്ര ഡിസൈനർ അനൂജ് ശർമ നയിക്കുന്ന 'ബട്ടൺ മസാല' വസ്ത്ര രൂപകൽപന ശിൽപശാല രാവിലെ 10 മുതൽ ഒന്നു വരെ നടക്കും.
ബിനാലെ ആർട്ട് റൂമിൽ നാളെ ജിതേന്റെ സംഗീതം
കൊച്ചി ∙ വീട്ടിലെ പാത്രങ്ങളെടുത്ത് തട്ടും മുട്ടും തുടങ്ങിയപ്പോഴാണ് 7–ാം വയസ്സിൽ ജിതേനെ അച്ഛനും അമ്മയും കൂടി ഡ്രംസ് പഠിക്കാൻ ചേർത്തത്. ഡ്രംസ് പഠനം കാര്യമായതോടെ മറ്റുതരം സംഗീത ഉപകരണങ്ങളിലേക്കും അതു നീണ്ടു. തൃപ്പൂണിത്തുറ സ്വദേശിനി ഷീബയുടെയും ബെംഗളൂരു സ്വദേശി അരുണിന്റെയും മകനാണ് പതിനൊന്നുകാരൻ ജിതേൻ. റോക്ക്, പോപ്പ്, ചെണ്ട ഉൾപ്പെടെ ഇപ്പോൾ പഠിക്കുന്നുണ്ട്.
സംഗീത രംഗത്തെ പഠനം കാര്യമായതോടെ ഇപ്പോൾ ബെംഗളൂരുവിൽ ഹോം സ്കൂൾ സംവിധാനത്തിലാണു സ്കൂൾ പഠനം. കൊച്ചി ബിനാലെ ആർട്ട് റൂം പരിപാടിയിൽ നാളെ ജിതേന്റെ സംഗീത ശിൽപശാലയുണ്ട്.10 മുതൽ 5 വരെ കബ്രാൾയാഡിൽ. ഇന്ന് 6ന് ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിലും സംഗീത പരിപാടി അവതരിപ്പിക്കും.