ADVERTISEMENT

ഫോർട്ട്കൊച്ചി∙  2017ൽ തുടങ്ങിയതാണ് ഇറ്റലി സ്വദേശി ഇലാരിയോ വെസ്പാൻഡയുടെ (40) സ്വപ്ന യാത്ര. 6 വർഷം, 97 രാജ്യങ്ങൾ. സ്കൂട്ടറിൽ 1,90,000 കിലോമീറ്റർ പിന്നിട്ട് ഇന്നലെ കൊച്ചിയിലെത്തി. ഇറ്റലിയിലെ മിലാനോയിൽ നിന്നായിരുന്നു തുടക്കം. 1968 മോഡൽ വെസ്പ സ്കൂട്ടറിൽ. ഉലകം ചുറ്റുകയെന്ന ലക്ഷ്യവുമായി അലയുമ്പോൾ വഴിയരികിൽ കണ്ടതാണ് ഈ സ്കൂട്ടർ. 20 വർഷം മുൻപാണ് 100 ഡോളർ നൽകി സെക്കൻഡ് ഹാൻഡ് സ്കൂട്ടർ വാങ്ങിയത്.

എൻജിൻ പണി ചെയ്ത് പുത്തനാക്കിയ ശേഷമായിരുന്നു യാത്ര. യൂറോപ്പ്, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, തുർക്കി, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, അറബ് രാജ്യങ്ങൾ, പാക്കിസ്ഥാൻ തുടങ്ങി 97 രാജ്യങ്ങൾ കടന്ന് 2 മാസം മുൻപ് ഇന്ത്യയിലെത്തി. ഇവിടെ നിന്ന് യാത്ര ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽ മടങ്ങി എത്തിയ ശേഷം ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളും കണ്ട്  3 വർഷത്തിനകം ഇറ്റലിയി‍ൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.

ദിവസവും 400 കിലോ മീറ്റർ യാത്ര ചെയ്യും. രാത്രി ടെന്റിൽ അന്തിയുറക്കം. ചില സ്ഥലങ്ങളിൽ നാട്ടുകാർ കിടക്കാൻ സ്ഥലം  നൽകും. പള്ളികളിലും അറബ് രാജ്യങ്ങളിൽ എത്തിയപ്പോൾ മസ്ജിദുകളിലും താമസ സൗകര്യം ലഭിച്ചു. ഇന്ധനത്തിനും ഭക്ഷണത്തിനുമായി ദിവസം 15 ഡോളർ ആണ് ചെലവ്. തന്റെ വാഹനമാണ് സൂപ്പർ സ്റ്റാറെന്ന് ഇലാരിയോ. വാഹനം കാണാനാണ് ആളുകൾ കൂടുന്നത്. വെസ്പ സ്കൂട്ടറിൽ നടത്തുന്ന ദൈർഘ്യമേറിയ യാത്ര എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കിടയിലുണ്ടായ മറക്കാനാവാത്ത അനുഭവം: സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാനയിലൂടെയുള്ള യാത്ര. ആളൊഴിഞ്ഞ പ്രദേശത്ത് ടെന്റ് കെട്ടി ഉറങ്ങാൻ കിടന്നു. അർധരാത്രി കഴിഞ്ഞപ്പോഴാണ് അസ്വാഭാവികമായ ശബ്ദം കേട്ട് ഉണർന്നത്. ടെന്റിന് തൊട്ടടുത്ത് കാൽപെരുമാറ്റം. 

3 സിംഹങ്ങൾ ടെന്റിനെ വട്ടമിട്ട് നടക്കുന്നതായി കണ്ടു. അനങ്ങാതെ, ശബ്ദമുണ്ടാക്കാതെ കിടന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവ കാട്ടിലേക്ക് കയറി. അതേക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഞെട്ടലാണ് ഇലാരിയോവിന്. ഒട്ടേറെ സന്തോഷമുള്ള അനുഭവങ്ങളും യാത്ര സമ്മാനിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ആലപ്പുഴ വഴി കന്യാകുമാരിയിലേക്ക് യാത്ര തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com