തുറവൂർ–അരൂർ ആകാശപ്പാത: വൈദ്യുതി വകുപ്പിന്റെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി
Mail This Article
അരൂർ∙തുറവൂർ–അരൂർ ആകാശപ്പാതയുടെ ഭാഗമായി വൈദ്യുതി വകുപ്പിന്റെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. 12.75 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ദേശീയപാതയ്ക്കു കുറുകെ നൂറോളം വൈദ്യുതി ലൈനുകളാണു നിലവിലുള്ളത്. ആകാശപ്പാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ പാതയ്ക്കു കുറുകെ 30 മീറ്ററോളം ഉയരത്തിൽ ഉള്ള പോസ്റ്റുകൾ സ്ഥാപിക്കണം. ഇത് അപ്രായോഗികമായതിനെ തുടർന്നാണ് ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് പാതയുടെ ഇരുവശത്തേക്കുമുള്ള ഗുണഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്.
അറുപതോളം എൽടി ലൈനുകളുടെ എണ്ണം കുറയ്ക്കുന്നതിനായി പാതയുടെ കിഴക്കുഭാഗത്ത് ട്രാൻസ്ഫോമർ സ്ഥാപിച്ച് 11 കെവി ഭൂഗർഭ കേബിളുകളിലൂടെ ആയിരിക്കും വൈദ്യുതി വിതരണം. 33 കെവി ലൈൻ 2 എണ്ണവും, 11 കെവി ലൈൻ 32 എണ്ണവും ആണ് അരൂർ മുതൽ തുറവൂർ വരെ ദേശീയപാതയ്ക്കു കുറുകെ സ്ഥാപിക്കുന്നത്.ആധുനിക ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് ജോലി നടക്കുന്നത്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് നാലുവരി പാതയ്ക്കു കുറുകെ 35 മീറ്റർ നീളത്തിൽ ഭൂമി തുരന്നതിനു ശേഷം പൈപ്പുകൾ സ്ഥാപിക്കും. ഇതിന് ശേഷം പൈപ്പിലൂടെ കേബിളുകൾ വലിക്കും. അരൂർ, തുറവൂർ മേഖലകളിൽ 2 യന്ത്രങ്ങൾ ഉപയോഗിച്ച് അൻപതിലേറെ തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി രാത്രി 8നു ശേഷമാണ് ജോലികൾ നടക്കുന്നത്.