സിറ്റി ഗ്യാസ് പൈപ്‌ലൈനിൽ ചോർച്ച; ഗ്യാസ് ചോർന്നത് 2 ദിവസം
Mail This Article
കളമശേരി∙ മൂലേപ്പാടം റോഡിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പൈപ്‌ലൈനിൽ ചോർച്ച. 2 ദിവസമായി അനുഭവപ്പെടുന്ന പാചക വാതക ഗന്ധത്തിന്റെ ഉറവിടം ഇന്നലെ വൈകിട്ട് 6.30ഓടെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം കോൺക്രീറ്റ് കട്ട വിരിച്ചു നവീകരിച്ച മൂലേപ്പാടം റോഡിനു മുകളിൽ ക്യാപ്പിങ് നടത്തി അടച്ച നിലയിലുണ്ടായിരുന്ന പൈപ്പാണു വാഹനങ്ങൾ കയറിയിറങ്ങി തകരാറിലായത്. റോഡിനടിയിൽ ഒരു മീറ്ററോളം ആഴത്തിലാണു പൈപ്പ് സ്ഥാപിച്ചിരുന്നതെന്നു ഇന്ത്യൻ ഓയിൽ–അദാനി ഗ്യാസ് അധികൃതർ അറിയിച്ചു.
റോഡ് നിർമാണ വേളയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കിയപ്പോൾ ഉയർത്തിവച്ച പൈപ്പ് സിമന്റ് കട്ട പാകിയപ്പോൾ യഥാസ്ഥാനത്തു പുനഃസ്ഥാപിക്കാതിരുന്നതുമാണു വാതക ചോർച്ചയിക്കു കാരണമായതെന്നും അവർ പറഞ്ഞു. സിറ്റി ഗ്യാസ് പൈപ്‌ലൈൻ ഒരിടത്തും റോഡിനു മുകളിലൂടെ സ്ഥാപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ചോർച്ചയെത്തുടർന്ന് ഈ ഭാഗത്തേക്കുള്ള വാതക വിതരണം നിർത്തിവച്ചു. ഇന്ന് റോഡ് കുഴിച്ച് പൈപ്പ് സുരക്ഷിതമായി സ്ഥാപിക്കുമെന്നു സിറ്റി ഗ്യാസ് പ്രോജക്ട് ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതനുസരിച്ചു അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.