കരിങ്ങാച്ചിറയിൽ മോഷണം ഏറുന്നു
Mail This Article
കരിങ്ങാച്ചിറ∙ കരിങ്ങാച്ചിറ മേഖല കേന്ദ്രീകരിച്ച് മോഷണങ്ങൾ ഏറുന്നു. കരിങ്ങാച്ചിറ ശാലിനി ഹോട്ടൽ കുത്തിത്തുറന്ന് 6000 രൂപ മോഷ്ടിച്ചു. കൂടാതെ വീടിനു മുന്നിൽ പാർക്ക് ചെയ്ത ചങ്ങംപുത അറയ്ക്കൽ വീട്ടിൽ യൂജിൻ സേവ്യറിന്റെ സ്കൂട്ടറും മോഷ്ടിച്ചു. അടുത്തടുത്ത ദിവസങ്ങളിലാണ് മോഷണം നടന്നത്. ഹോട്ടൽ കുത്തിത്തുറന്ന സംഭവത്തിൽ മോഷ്ടാവിനെ ഹിൽപാലസ് പൊലീസ് പിടികൂടി. എന്നാൽ സ്കൂട്ടർ മോഷണം പോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനോ, അന്വേഷണം നടത്തുവാനോ ഹിൽപാലസ് പൊലീസ് തയാറായിട്ടില്ല.
മാസങ്ങൾക്ക് മുൻപ് ചങ്ങംപുതയിൽ വീട്ടിൽ കയറി വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇതു വരെ പ്രതികളെ പിടികൂടുവാൻ പൊലീസിനു സാധിച്ചിട്ടില്ല. ചങ്ങംപുത കേന്ദ്രീകരിച്ച് അനിഷ്ട സംഭവങ്ങൾ തുടരെ ഉണ്ടായിട്ടും പൊലീസ് നടപടികൾ കാര്യക്ഷമമാകുന്നില്ലെന്നാണ് ആക്ഷേപം. മേഖലയിൽ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാണ് ആവശ്യം.
മോഷണക്കേസിലെ പ്രതികൾ പിടിയിൽ
കരിങ്ങാച്ചിറ∙ ഒട്ടേറെ മോഷണം നടത്തി മുങ്ങി നടന്ന പ്രതികളായ പോണ്ടിച്ചേരി സ്വദേശി രൻജിത്ത് (31), കോതമംഗലം സ്വദേശി വിവേക്(25) എന്നിവരെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കരിങ്ങാച്ചിറയിലെ ശാലിനി ഹോട്ടൽ കുത്തിത്തുറന്ന് 6000 രൂപ മോഷ്ടിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.