ADVERTISEMENT

പെരുമ്പാവൂർ ∙  കൂവപ്പടി, വേങ്ങൂർ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാട്ടാനകളെ പ്രതിരോധിക്കുന്നതിന് 20 കിലോമീറ്റർ നീളത്തിൽ വൈദ്യുത തൂക്കു വേലി സ്ഥാപിക്കാൻ തീരുമാനിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.  കുമ്പളത്തോട് നീർപ്പാലം മുതൽ കോലക്കാടൻ തണ്ടു വരെയുള്ള 5 കിലോമീറ്റർ ദൂരത്തിലും പാണിയേലി പോരിൽ നിന്നു കൊച്ചുപുരയ്ക്കൽ കടവ് വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിലും പാണംകുഴി പമ്പ് ഹൗസ് മുതൽ കപ്രിക്കാട് വരെയുള്ള 4.5 കിലോമീറ്റർ ദൂരത്തിലുമാണു സൗരോർജ വേലി നിലവിലില്ലാത്തതും ഒരു പദ്ധതിയിലും ഉൾപ്പെടാത്തതുമായ ഭാഗങ്ങൾ. 

ഇവിടെ കപ്രിക്കാട് മുതൽ പാണിയേലി വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ വൈദ്യുത തൂക്കു വേലി സ്ഥാപിക്കാനാണ് തീരുമാനം. അയനിച്ചാൽ മുതൽ പാണിയേലി വരെയുള്ള 34 കിലോമീറ്റർ ദൈർഘ്യത്തിൽ സൗരോർജ തൂക്കു വേലി സ്ഥാപിക്കുന്നതിന് നബാർഡിന്റെ പദ്ധതി നിലവിലുണ്ട് .പൊങ്ങൻചുവട് ആദിവാസി കുടിയിൽ നിലവിലുള്ള വേലി തകർന്നു പോയി. യാതൊരു കൃഷിയും ചെയ്യാൻ കഴിയാതെ ആദിവാസികുടിയിലെ കുടുംബങ്ങൾ  വിഷമിക്കുകയാണെന്ന വിവരം ഊരു മൂപ്പൻ ശ്രദ്ധയിൽപ്പെടുത്തിയതോടെ നിലവിലുള്ള പദ്ധതിയിൽ പൊങ്ങൻചുവട് ആദിവാസി കുടിയിൽ ഏഴര കിലോമീറ്റർ ദൈർഘ്യത്തിൽ വേലി  നിർമിക്കുന്നതിനും എസ്റ്റിമേറ്റ് സമർപ്പിക്കാ‌നും തീരുമാനമായി.

രാഷ്ട്രീയ കൃഷി വികാസ് യോജന , ക്രോപ് ഹെൽത്ത് മാനേജ്മെന്റ് എന്നീ കൃഷി വകുപ്പിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ആവശ്യമായ പണം കണ്ടെത്തിയത്. വനം വകുപ്പുമായി യോജിച്ച്  2.2 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഈയാഴ്ച തന്നെ സർക്കാരിനു  സമർപ്പിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി 9 കോടി രൂപയുടെ പദ്ധതികളാണ് പെരുമ്പാവൂരിൽ തൂക്കു വേലിയുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.  നബാർഡ് പദ്ധതിയിൽ ഉൾപ്പെടാത്ത ഇടങ്ങളിലെല്ലാം സൗരോർജ  വൈദ്യുത തൂക്കുവേലി, കിടങ്ങുകൾ ഉൾപ്പെടെയുള്ള സാധ്യമായ മാർഗങ്ങൾ  സ്വീകരിക്കും.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ,  കൂവപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു അരവിന്ദ്,  വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്  ശിൽപ  സുധീഷ്, ബ്ലോക്ക് അംഗങ്ങളായ  അനു അബീഷ്, പി.ആർ.നാരായണൻ നായർ, പഞ്ചായത്ത് അംഗങ്ങളായ  സിനി എൽദോ,  പി സി കൃഷ്ണൻ കുട്ടി, എം നവ്യ, ശശികല രമേശ്, ബേസിൽ കോര, ആൻസി ജോബി, ശോഭന വിജയകുമാർ, മരിയ കാക്കൂരാൻ, ബിജു താണാട്ടുകുടി, ഫോറസ്റ്റ് റേഞ്ച്  ഓഫിസർ ജിയോ ബേസിൽ ,  വി.ജി.സിബി, സാം കെ. ജയിംസ്, ഊരുമൂപ്പൻ ശേഖരൻ എന്നിവർ പ്രസംഗിച്ചു .

വൈദ്യുതവേലി സ്ഥാപിക്കും മുൻപ് നാട്ടിലെ കാട്ടാനകളെ മാറ്റണം
കോതമംഗലം∙ വനാതിർത്തി പ്രദേശങ്ങളിൽ വൈദ്യുതവേലി സ്ഥാപിക്കുന്നതിനു മുൻപ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്തുകയോ മയക്കുവെടി വച്ച് ഇവിടെനിന്നു മാറ്റുകയോ വേണമെന്നു കർഷക കോൺഗ്രസ് നിയോജക മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു. കാട്ടാനകളെ നാട്ടിൽ നിർത്തി വൈദ്യുതവേലി സ്ഥാപിച്ചാൽ ഭീഷണി വർധിക്കും. സംസ്ഥാന സെക്രട്ടറി പി.സി.ജോർജ് സംഗമം ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കോറമ്പേൽ അധ്യക്ഷനായി. കെ.കെ.ഹുസൈൻ, കെ.ഇ.കാസിം, എം.സി.അയ്യപ്പൻ, എൻ.എഫ്.തോമസ്, ജോയി കോച്ചേരി, ജോസ് കറുകപ്പിള്ളി, ഒ.കെ.ജോസഫ്, എൻ.ഐ.പൗലോസ്, ഏലിയാസ് പുളിക്കക്കുടി, കെ.പി.കുഞ്ഞ്, കെ.പി.ജോൺസൺ, സിജു ജോസഫ്, ജോയി പൗലോസ് എന്നിവർ പ്രസംഗിച്ചു.

പുന്നേക്കാട് ഇറങ്ങിയ ആനകളെ തുരത്തും; വഴിവിളക്ക് സ്ഥാപിക്കും

കോതമംഗലം∙ പുന്നേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്താനും പുന്നേക്കാട്–തട്ടേക്കാട് റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ചു വൈദ്യുതി വിളക്ക് സ്ഥാപിക്കാനും തീരുമാനിച്ചു. 3 ആനകൾ പുന്നേക്കാട് ടൗണിനു സമീപം വരെയെത്തി കഴിഞ്ഞ ദിവസം നാശമുണ്ടാക്കിയിരുന്നു.ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയും ഫോറസ്റ്റ് സ്റ്റേഷനിൽ ആലോചനാ യോഗം ചേരുകയും ചെയ്തു.

വനപാലകരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ആനകളെ തുരത്താനാണു തീരുമാനം. വഴിവിളക്ക് സ്ഥാപിക്കൽ വേഗത്തിലാക്കും.യോഗത്തിൽ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് ബീന റോജോ, റേഞ്ച് ഓഫിസർ പി.എ.ജലീൽ, ജിജോ ആന്റണി, അൽഫോൻസ സാജു, സാബു വർഗീസ്, എം.എസ്.ശശി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com