വെള്ളക്കെട്ട് അറിയാൻ അഞ്ചിടത്ത് സെൻസർ; ഇറ്റലിയിൽ നടപ്പാക്കിയ പദ്ധതി കൊച്ചിയിലും
Mail This Article
കൊച്ചി ∙ വെള്ളക്കെട്ട് നേരിടാൻ നഗരത്തിലെ അഞ്ചിടങ്ങളിൽ ആധുനിക വെള്ളപ്പൊക്ക മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കുന്നു. യൂറോപ്യൻ യൂണിയന്റെ രാജ്യാന്തര നഗര, പ്രാദേശിക സഹകരണത്തിന്റെ (ഐയുആർസി) ഭാഗമായാണു പദ്ധതി. ഇറ്റലിയിലെ മെസീന നഗരത്തിൽ നടപ്പാക്കിയ പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണു കൊച്ചിയിൽ സജ്ജമാക്കുന്നത്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പനമ്പിള്ളി നഗർ, വിവേകാനന്ദ റോഡ്, കലാഭവൻ റോഡ്, ജേണലിസ്റ്റ് കോളനി എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കുക. ഇതിലെ ആദ്യ യൂണിറ്റ് ഇന്നലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു സ്ഥാപിച്ചു. പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷമേ ഔദ്യോഗികമായി ഉദ്ഘാടനം െചയ്യൂ.
അൾട്രാസൗണ്ട് സെൻസറുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ് ഈ മുന്നറിയിപ്പു സംവിധാനങ്ങൾ. ഭൂനിരപ്പിന് ഒരു മീറ്റർ ഉയരത്തിൽ തൂണുകളിൽ സ്ഥാപിക്കുന്ന ഈ സെൻസറുകൾ വെള്ളത്തിന്റെ നിരപ്പ് ഉയരുന്നതു നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കും. നിശ്ചിത ഉയരത്തിനു മുകളിലേക്ക് വെള്ളമുയർന്നാൽ ടെലിഗ്രാം ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകും. വൈഫൈ സംവിധാനം വഴിയാണു സെൻസറുകൾ ബന്ധിപ്പിക്കുക. മെസീന നഗരത്തിനു വേണ്ടി തയാറാക്കിയ ഡാഷ് ബോർഡിലാണ് താൽക്കാലികമായി ഇതു ബന്ധിപ്പിക്കുക. കോർപറേഷൻ ഉദ്യോഗസ്ഥർക്ക് ഈ ഡാഷ് ബോർഡ് നിരീക്ഷിക്കാനാകും. പിന്നീട് കൊച്ചിക്കു വേണ്ടി പ്രത്യേക ഡാഷ്ബോർഡ് തയാറാക്കും. മെസീന സർവകലാശാല മെസീന നഗരത്തിനു വേണ്ടി തയാറാക്കിയ സാങ്കേതികവിദ്യയാണു കൊച്ചിയിലും പ്രയോജനപ്പെടുത്തുന്നത്.
കൊച്ചിയിലെത്തിയ ഐയുആർസി പ്രതിനിധി ഡോ. പനയോത്തീസ് കരമാനോസ്, ആന്റോണിനോ ഗയേത്ത എന്നിവരുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് (സി ഹെഡ്) കോർപറേഷനിലെ എൻജിനീയറിങ് വിഭാഗത്തിന്റെ സഹകരണത്തോടെയാണു മുന്നറിയിപ്പു സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കൊച്ചി പോലെയുള്ള നഗരത്തിൽ ആധുനിക വെള്ളപ്പൊക്ക മുന്നറിയിപ്പു സംവിധാനങ്ങൾ ഉണ്ടാകേണ്ടതു പ്രധാനപ്പെട്ട കാര്യമാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. നഗരത്തിൽ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന 5 സ്ഥലങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇതു സ്ഥാപിക്കുന്നത്. ഈ രംഗത്തു രാജ്യാന്തര സഹകരണമുണ്ടാകുന്നതു നേട്ടമാണെന്നും മേയർ പറഞ്ഞു.