കണ്ടെയ്‌നർ ലോറി പാലത്തിൽ കുടുങ്ങി; ഗോശ്രീറോഡിൽ ഗതാഗതം സ്തംഭിച്ചു
Mail This Article
വല്ലാർപാടം∙ മേൽപാലത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്നു ഗോശ്രീറോഡിൽ വൈകിട്ട് 5.30 മുതൽ ഗതാതതം സ്തംഭിച്ചു. ഹൈക്കോടതി ജംക്‌ഷൻ മുതൽ വൈപ്പിൻ ഗോശ്രീ ജംക്‌ഷൻ വരെ വാഹനങ്ങളും യാത്രക്കാരും അനങ്ങാനാകാതെ നട്ടം തിരിഞ്ഞു. ജോലി കഴിഞ്ഞു മടങ്ങിയ യാത്രക്കാർ ഹൈക്കോടതി ജംക്‌ഷനിൽ കാത്തു നിന്നു വലഞ്ഞു.
വാഹനങ്ങൾ റോഡ്മുഴുവൻ നിരന്നതോടെ അതിലൂടെ കടന്നു ചെല്ലാൻ പോലും കഴിയാത്ത സ്ഥിതിയായി. ഒട്ടേറെപേർ കാൽനടയായി എറണാകുളത്തു നിന്നു മുളവുകാട്, വല്ലാർപാടം,വൈപ്പിൻ എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്തു. ലോറി വൈകിട്ട് 6.30ന് ക്രെയിൻ ഉപയോഗിച്ചു നീക്കി.
എന്നിട്ടും ഗതാഗതക്കുരുക്ക് ഏറെ നേരം തുടർന്നു. ഗോശ്രീ റോഡിൽ വൈകിട്ട് ഗതാഗത സ്തംഭനം പതിവായിരിക്കയാണ്. നിലവിലുള്ള 2 പാലങ്ങൾക്കു സമാന്തര പാലം നിർമിച്ചാൽ 4 വരി ഗതാഗതം സജ്ജമാകും. തിരക്കേറിയ വൈകിട്ട് 5 മുതൽ രാത്രി 9വരെ കണ്ടെയ്‌നർ ലോറികളുടെ സർവീസ് നിർത്തിവയ്ക്കണമെന്നു വൈപ്പിൻ ജനകീയ കൂട്ടായ്മ കൺവീനർ ജോണി വൈപ്പിൻ,ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ.മാമ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു.