വൈപ്പിൻ ബസുകളുടെ നഗരപ്രവേശം: അന്തിമ വിജ്ഞാപനം ഉടനെന്ന് മന്ത്രി
Mail This Article
വൈപ്പിൻ∙ വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശം സാധ്യമാക്കാനുള്ള അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകും. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊച്ചി നഗരത്തിലെ ചില റൂട്ടുകൾ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലം വഴിയുള്ള ബസുകൾക്ക് ഹൈക്കോടതി ജംക്‌ഷൻ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്. അവിടെ നിന്ന് മറ്റ് ബസുകളിൽ കയറിയാണ് ദ്വീപു നിവാസികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയിരുന്നത്.
ഗോശ്രീ പാലങ്ങൾ വന്നതിനു ശേഷം വൈപ്പിനിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചുരുക്കം കെഎസ്ആർടിസി ബസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.സ്വകാര്യ ബസുകൾക്ക് പെർമിറ്റ് ലഭിക്കുന്നതോടെ ഇതു സംബന്ധിച്ചുള്ള യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യത്തിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം സംബന്ധിച്ചുള്ള കരട് വിജ്ഞാപനം ഇറക്കി മോട്ടർ വാഹന നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഉത്തരവ് നൽകിയത്. ഒട്ടേറെ വർഷങ്ങളായുള്ള വൈപ്പിൻ നിവാസികളുടെ യാത്രാ പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
രാഷ്ട്രീയം കലർത്താൻ ശ്രമം: കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ
സ്വകാര്യ ബസുകളുടെ നഗര പ്രവേശമെന്ന വൈപ്പിൻ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ പാലിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും മന്ത്രിയും എല്ലാ പിന്തുണയും നൽകി. നിയമക്കുരുക്കുകൾ ഒഴിവാക്കാൻ ഒട്ടേറെ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നു.
ഈ വിഷയത്തിൽ പതിറ്റാണ്ടായി സമര കോലാഹലം നാട്ടിൽ ഉണ്ടായിരുന്നില്ലെങ്കിലും നഗര പ്രവേശനത്തിനുള്ള നടപടികൾ ആരംഭിക്കുകയും പ്രശ്നം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതോടെ പലരും ഇത് രാഷ്ട്രീയപ്രേരിത സമര വിഷയമാക്കി. സ്ഥാപിത താൽപര്യത്തോടെ സർക്കാർ വിരുദ്ധ വികാരം സൃഷ്ടിക്കാനും പലരും ശ്രമിച്ചു.
എല്ലാ ദുഷ്പ്രചാരണങ്ങളും അപവാദങ്ങളും അവഗണിച്ച് വൈപ്പിൻ എംഎൽഎ എന്ന നിലയിലുള്ള എന്റെ ആവശ്യം സർക്കാർ പരിഗണിച്ചതിൽ നന്ദിയുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാതെ സമരത്തിന് ഇറങ്ങിയവരുടെ തനിനിറം വെളിപ്പെട്ടിരിക്കുകയാണ്. ഇനിയെങ്കിലും ഇത്തരക്കാർ പൊതുപ്രശ്നങ്ങൾ വേണ്ട വിധത്തിൽ മനസ്സിലാക്കി പ്രവർത്തിക്കണം .