ADVERTISEMENT

കാലടി∙ ഭീമമായ വൈദ്യുതി നിരക്ക് കുടിശികയെ തുടർന്ന് ആവണംകോട് ജലസേചന പദ്ധതിയുടെ കാലടിയിലെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു. മൈനർ ഇറിഗേഷൻ 3 കോടിയോളം രൂപ വൈദ്യുതി നിരക്ക് കുടിശിക അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. 

പലപ്പോഴും മൈനർ ഇറിഗേഷനോട് തുക ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെടുമ്പോൾ കുറച്ചു തുക അടയ്ക്കും .പിന്നീട് അടയ്ക്കുകയുമില്ല. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ‍ കണക്കിലെടുത്താണ് ‌ ഇതുവരെ വൈദ്യുതി ബന്ധം വിഛേദിക്കാതെ മുന്നോട്ടു പോയത്. ഇപ്പോൾ മറ്റു മാർഗമില്ലാത്ത അവസ്ഥയിൽ മുകൾത്തട്ടിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് വൈദ്യുതി ബന്ധം വിഛേദിച്ചതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. 

കാലടി പഞ്ചായത്ത് മുഴുവനും അങ്കമാലി നഗരസഭ, നെടുമ്പാശേരി പഞ്ചായത്ത് എന്നിവിടങ്ങളിൽ‍ ഭാഗികമായും ജലസേചനത്തിന് വെള്ളം എത്തുന്നത് ആവണംകോട് പദ്ധതി വഴിയാണ്. ഈ പ്രദേശങ്ങളിലെ പ്രധാന ശുദ്ധജല സ്രോതസും ഈ പദ്ധതിയാണ്. അതേ സമയം മണ്ഡലക്കാലം ഇന്ന് ആരംഭിക്കുമ്പോൾ കാലടിയിലെത്തുന്ന ശബരിമല തീർഥാടകർക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് ആവണംകോട് ജലസേചന പദ്ധതിയിൽ‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് പമ്പിങ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ‍കാലടിയിലെ കെഎസ്ഇബി, ഇറിഗേഷൻ ഓഫിസുകളിൽ കുത്തിയിരിപ്പ് സമരം നടത്തി. 

 മണ്ഡലക്കാലത്തു തന്നെ ജലസേചന പദ്ധതിയുടെ വൈദ്യുതി ബന്ധം വിഛേദിച്ചത് പ്രതിഷേധാർഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലം ഒന്നിടവിട്ട ദിവസങ്ങളിലാണ് കാലടിയിൽ ലഭ്യമാകുന്നത്. അതിനാൽ ശബരിമല തീർഥാടകർക്ക് വിശ്രമിക്കുന്നതിനുള്ള ശരണ കേന്ദ്രത്തിലേക്ക് ടാങ്കർ ലോറിയിൽ പഞ്ചായത്ത് വെള്ളം എത്തിക്കുകയാണ്.

ശുചിമുറി സമുച്ചയത്തിലേക്ക് വെള്ളം എത്തിക്കുന്നത് പഞ്ചായത്ത് കിണറിൽ നിന്നുമാണ്. ആവണംകോട് ജലസേചന പദ്ധതി കനാലിലൂടെ വെള്ളം വന്നാൽ മാത്രമേ ഈ കിണറിലും സമീപത്തുള്ള കിണറുകളിലും വെള്ളം ലഭിക്കുകയുള്ളുവെന്നു ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു. പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ‍, അംഗങ്ങളായ ശാന്ത ചാക്കോ, ഷിജി വർഗീസ്, ഷിജ സെബാസ്റ്റ്യൻ, ഷാനിത നൗഷാദ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com