പൊലീസുകാരനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ കേസിൽ ഒരാൾ പിടിയിൽ
Mail This Article
അങ്കമാലി ∙ ദേശീയപാതയിൽ കരയാംപറമ്പ് ജംക്‌ഷനിൽ ഗതാഗതം നിയന്ത്രിച്ച പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ബൈക്കിലെ യാത്രക്കാരിൽ ഒരാളെ പൊലീസ് പിടികൂടി. ആലുവ മാധവപുരം കനാൽറോഡ് പള്ളത്തുകുടി അജിത്തിനെ (22) ഇന്നലെ രാവിലെയാണു പിടികൂടിയത്. ശനി ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം.
മുന്നിലും പിന്നിലും നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ വരുന്നതു കണ്ട് ടിബി ജംക്‌ഷനിൽ പൊലീസ് കൈകാണിച്ചു. ബൈക്ക് നിർത്താതെ പോയതിനെ സംബന്ധിച്ചു സന്ദേശം ലഭിച്ചതിനെ തുടർന്നു കരയാംപറമ്പിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മിഥുൻ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തി ബൈക്ക് മുന്നോട്ട് ഓടിച്ചുപോയി.
വലതുകാലിന്റെ തുടയെല്ല് ഒടിഞ്ഞ മിഥുൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിൽ ശസ്ത്രക്രിയ നടത്തി. സിസിടിവിയിൽ നിന്നു ചിത്രങ്ങൾ ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണു ബൈക്കിനു പിന്നിലിരുന്ന യാത്ര ചെയ്ത അജിത്തിനെ പിടികൂടിയത്. അജിത്തിന്റെ സുഹൃത്ത് ഷാനൻ (22) ആണ് ബൈക്ക് ഓടിച്ചത്. ഇവർ പാലക്കാട് ഭാഗത്ത് ഫുട്ബോൾ കളിക്കുന്നതിനായാണു ബൈക്കിൽ പോയത്. ഷാനൻ പിടികൂടിയിട്ടില്ല.