ADVERTISEMENT

മരട് ∙ ഉപാസന റോഡിൽ വർഷങ്ങളായി അടച്ചിട്ട വീട്ടിൽ ചോര പുരണ്ട കാൽപ്പാടും രക്തവും കണ്ടെത്തിയതിൽ ദുരൂഹത. രക്തക്കറയ്ക്ക് 3 ദിവസത്തെ പഴക്കമുണ്ട്. വീട്ടിൽ മോഷണം നടന്നിട്ടില്ല. വാതിലും ജനലും തുറന്നിട്ട നിലയിലായിരുന്നെന്നു മരട് പൊലീസ് പറഞ്ഞു. മുറിവേറ്റ ഭാഗം കഴുകാൻ വീടിനുള്ളിലെ പൈപ്പുകൾ തുറക്കാൻ ശ്രമിച്ചതിന്റെ ലക്ഷണമുണ്ട്. സമീപത്തെ വീട്ടിലെത്തി മുറിവേറ്റഭാഗം കഴുകിയശേഷം സ്ഥലം വിട്ടതായാണ് കരുതുന്നത്.  കഴുകി തുടച്ച തുണി പൊലീസ് കണ്ടെത്തി. ഒന്നിലേറെ പേർ ഉള്ളതായി ലക്ഷണമില്ല. വീട്ടുടമയായ സുപ്രീംകോടതി അഭിഭാഷകൻ വർഷങ്ങളായി ഡൽഹിയിലാണ്.

ഇദ്ദേഹത്തിന്റെ കലൂരിലെ ബന്ധുക്കൾ ഇന്നലെ സ്ഥലത്തെത്തി പൊലീസിനൊപ്പം പരിശോധന നടത്തി. 10 വർഷം മുൻപ് ഈ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു േശഷം വീട് വാടകയ്ക്കു നൽകിയെങ്കിലും താമസിയാതെ അവ‍ർ ഒഴിഞ്ഞു. സമീപത്ത് ഫുട്ബാൾ കളിക്കുകയായിരുന്ന യുവാക്കൾ വീടിനുള്ളിലേക്കു തെറിച്ചുപോയ പന്തെടുക്കാൻ കയറിയപ്പോഴാണിതു കണ്ടത്. ഇതോടെ യുവാക്കൾ സംഭവം പൊലീസിൽ അറിയിച്ചു. മരട് പൊലീസും ഫൊറൻസിക്, വിരലടയാള വിദഗ്ധരും തെളിവെടുത്തു.

മോഷണ ലക്ഷ്യത്തോടെയല്ല ആൾ അകത്തു കടന്നതെന്നു കരുതുന്നെന്നും എന്തെങ്കിലും ആക്രമണത്തിൽ മുറിവേറ്റ് വന്നതാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും എറണാകുളം എസിപി പി.രാജ് കുമാർ പറഞ്ഞു. സമീപത്തെ സിസിടിവി ക്യാമറ സംഭവ ദിവസം പ്രവർത്തിച്ചിട്ടില്ല. മുൻപും ശേഷവുമുള്ള ദിവസങ്ങളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് സ്ഥിരം മോഷ്ടാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. സമീപത്തെ ആശുപത്രികളിലും മുറിവേറ്റ് എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com