കുറുമ്പത്തുരുത്തിന്റെ ‘രാജകുമാരി’ ആൻ റിഫ്റ്റയ്ക്ക് യാത്രാമൊഴി
Mail This Article
പറവൂർ ∙ കുസാറ്റിലെ ദുരന്തത്തിൽ മരിച്ച ആൻ റിഫ്റ്റയ്ക്ക് കുറുമ്പത്തുരുത്ത് ഗ്രാമം കണ്ണീരോടെ യാത്രാമൊഴി നൽകി. ചവിട്ടുനാടക വേദികളിലൂടെ തിളങ്ങിയ കുറുമ്പത്തുരുത്തിന്റെ രാജകുമാരിയെ അവസാനമായി കാണാൻ ഒട്ടേറെയാളുകൾ എത്തി. ചവിട്ടുനാടക ആശാൻ കോണത്ത് വീട്ടിൽ റോയ് ജോർജ്കുട്ടിയുടെയും സിന്ധുവിന്റെയും മകളായ ആൻ റിഫ്റ്റ (20) കുസാറ്റിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിനിയായിരുന്നു. ഇറ്റലിയിൽ ജോലി ചെയ്തിരുന്ന അമ്മ സിന്ധു ഇന്നലെ രാവിലെ 5 മണിയോടെ വീട്ടിലെത്തി.
മകളുടെ മൃതദേഹം കണ്ട സിന്ധു വാവിട്ടു കരഞ്ഞപ്പോൾ ചുറ്റും നിന്നവരും വിങ്ങിപ്പൊട്ടി. പിതാവ് റോയിയും സഹോദരൻ റിഥുലും അമ്മൂമ്മ റോസിയും സങ്കടമടക്കാനാവാതെ കരയുകയായിരുന്നു. വീട്ടുകാരെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും പ്രയാസപ്പെട്ടു. വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മൃതദേഹം കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലെത്തിച്ചു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.ആന്റണി കുരിശിങ്കലിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം വീട്ടുകാരും ബന്ധുക്കളും അന്ത്യചുംബനം നൽകി ആൻ റിഫ്റ്റയെ യാത്രയാക്കി.