ADVERTISEMENT

മലയാറ്റൂർ∙ 3 പ്രധാന റോഡുകൾ സംഗമിക്കുന്ന പോസ്റ്റ് ഓഫിസ് ജംക്‌ഷൻ അപകട മേഖലയായി മാറുന്നു. മലയാറ്റൂർ- കോടനാട് പാലം വന്നതിനു ശേഷം ഇവിടെ 8 അപകടങ്ങൾ ഉണ്ടായി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2 അപകടങ്ങളാണ് ഉണ്ടായത്.  ഒരാഴ്ച മുൻപ് മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മലയാറ്റൂർ സ്വദേശി ആൽബിൻ മരിച്ചു. 4 ദിവസം മുൻപ് ബസും മിനി ലോറിയും കൂട്ടിയിടിച്ചു. ലോറിക്കുള്ളിൽ കുടുങ്ങി പോയ ഡ്രൈവറെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.  പെരുമ്പാവൂർ-കോടനാട്, കാലടി, മലയാറ്റൂർ അടിവാരം റോഡുകൾ ഇവിടെ സംഗമിക്കുന്നു.

എന്നാൽ യാത്രക്കാർക്ക് 3 റോഡും ഒരുമിച്ചു കാണാൻ കഴിയില്ല.  പക്ഷേ മുന്നറിയിപ്പ് സൂചനകളോ സിഗ്നൽ ലൈറ്റുകളോ മീഡിയനോ ഇവിടെയില്ല. അതിനാൽ വാഹനങ്ങൾ വേഗത്തിൽ വരുന്നത് അപകടങ്ങൾ‍ക്ക് ഇടയാക്കുന്നു. കാലടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദീർഘദൂര ബസുകളും ലോറികളും ഉൾപ്പെടെ ധാരാളം വാഹനങ്ങൾ‍ ഇപ്പോൾ ഇതുവഴി വരുന്നുണ്ട്. ജംക്‌ഷനിൽ നിന്നു കാലടിയിലേക്കുള്ള റോഡിൽ 2വലിയ വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നു പോകാവുന്ന വീതിയേയുള്ളു.  അതിനു പുറമേ റോഡിന്റെ ഒരരികിൽ‍ വലിയ കാനയുണ്ട്. ഇത് സ്ലാബിട്ട് മൂടിയിട്ടില്ല. അതിനാൽ വാഹനങ്ങൾ ‍ വരുമ്പോൾ കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒഴിഞ്ഞു മാറാൻ ഇടമില്ല. 

ധാരാളം വിദ്യാർഥികൾ ഉപയോഗിക്കുന്ന വഴിയാണിത്. എന്നാൽ നാട്ടുകാർ നിരന്തരം പരാതികൾ പറഞ്ഞിട്ടും അപകടങ്ങൾ‍ തുടർച്ചയായി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.       നിരന്തര അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ ജംക്‌ഷനിൽ ബ്ലിങ്കറിങ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും കോടനാട് റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.  അതേസമയം ഇവിടത്തെ അനധികൃത കയ്യേറ്റങ്ങൾ‍‍ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടി അപകട സാധ്യത ഇല്ലാതാക്കണമെന്ന് മലയാറ്റൂർ-കാലടി‍ റോഡ് ആക്‌ഷൻ കൗൺസിൽ ‍ചെയർമാൻ ടി.ഡി.സ്റ്റീഫൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com