എംസി റോഡിൽ മുവാറ്റുപുഴ റൂട്ടിൽ രാത്രി യാത്രാക്ലേശം
Mail This Article
പെരുമ്പാവൂർ ∙ എംസി റോഡിൽ മുവാറ്റുപുഴ റൂട്ടിൽ രാത്രി യാത്രാപ്രതിസന്ധി രൂക്ഷം. പെരുമ്പാവൂരിൽ നിന്നു രാത്രി 8 ന് ശേഷം മൂവാറ്റുപുഴയിലേക്ക് കെഎസ്ആർടിസി ഓർഡിനറി ബസ് സർവീസുകളുടെ കുറവ് യാത്രക്കാരെ വലയ്ക്കുന്നു. എറണാകുളം, ആലുവ, തൃശൂർ ഭാഗത്തു നിന്നു വരുന്ന യാത്രക്കാർ മൂവാറ്റുപുഴ ഭാഗത്തേക്കു പോകാനായി പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നു.
തൃശൂർ ഭാഗത്ത് നിന്നു കോട്ടയം ഉൾപ്പെടെയുള്ള ഭാഗത്തേക്ക് ദീർഘദൂര ബസുകൾ കുറവാണെന്നുള്ളതും ജനങ്ങൾക്കു ദുരിതമാകുന്നു. രാത്രി 8 ന് ശേഷം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തുന്നവർ മണിക്കൂറുകൾ കാത്തു നിന്നാണ് യാത്ര തുടരുന്നത്. കഴിഞ്ഞ ദിവസം ബസ് കാത്തു നിന്ന മധ്യവയസ്ക തലകറങ്ങി വീണ സംഭവമുണ്ടായി. കോവിഡ് വ്യാപനത്തിനു മുൻപു വരെ മൂവാറ്റുപുഴയിലേക്ക് രാത്രി 8.10, 8.45, 9.20, 10.20 എന്നീ സമയങ്ങളിൽ ഓർഡിനറി സർവീസ് നടത്തിയിരുന്നു.
കോവിഡിന് ശേഷം യാത്രികരുടെ എണ്ണം വർധിച്ചിട്ടും സർവീസ് പുന:രാരംഭിച്ചില്ല. വൈകിട്ട് 6.40 ന് ശേഷം മൂവാറ്റുപുഴയിലേക്ക് സ്വകാര്യ ബസ് സർവീസ് ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രി 8 ന് ശേഷം 2ഓർഡിനറി സർവീസെങ്കിലും മൂവാറ്റുപുഴ ഭാഗത്തേക്ക് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.