ADVERTISEMENT

എളങ്കുന്നപ്പുഴ∙വൈപ്പിൻ ഫിഷ്‌ലാന്റിങ് സെന്റർ വികസനം അനന്തമായി വൈകുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ഗോശ്രീ 3-ാം പാലം ഉപരോധിച്ചു. ഇതേ തുടർന്നു ഒന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ഗോശ്രീ ജംക്‌ഷനിൽ കേന്ദ്രീകരിച്ചു വൈപ്പിൻ വല്ലാർപാടം പാലത്തിലേക്കു നീങ്ങിയ മത്സ്യത്തൊഴിലാളികളെ പാലത്തിന്റെ അപ്രോച്ച് റോഡിനു സമീപം പൊലീസ് തടഞ്ഞു. തുടർന്നു അവർ റോഡിൽ കുത്തിയിരുന്നു. ഇതിനിടയിൽ കാറിലെത്തിയ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎയും ഉപരോധത്തിൽ കുടുങ്ങി.

എംഎൽഎയെ കടത്തിവിടാൻ പൊലീസ് ശ്രമിച്ചതോടെ സമിതി ജില്ലാ സെക്രട്ടറി പി.വി.ജയൻ റോഡിൽ കുറുകെ കിടന്നു. പൊലീസും സമരക്കാരും ചേർന്നു ഇദ്ദേഹത്തെ പിടിച്ചു മാറ്റി. കാറിൽ നിന്നിറങ്ങാതെയിരുന്ന എംഎൽഎ സമരം അവസാനിച്ചതോടെയാണു കടന്നുപോയത്. 2011ൽ നിർമിച്ച ലാൻഡിങ് സെന്ററിന്റെ ബർത്തിനു സമീപം ചെളിയുംഎക്കലും കിടക്കുന്നതിനാൽ വഞ്ചികൾക്കു അടുക്കാനാവാത്ത  സ്ഥിതിയാണെന്നു പ്രസംഗകർ ചൂണ്ടിക്കാട്ടി. ലാൻഡിങ് സെന്ററിലേക്കു വാഹനങ്ങൾക്കു കടന്നുചെല്ലാൻ റോഡുമില്ല.

സെന്റർ വികസിപ്പിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരങ്ങൾക്കൊടുവിൽ ഭൂമി ഏറ്റെടുക്കുന്നതിനു നടപടി ആരംഭിച്ചെങ്കിലും ആദ്യം മുടങ്ങി. ഇപ്പോൾ വീണ്ടും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഭൂമിയ്ക്കു നൽകേണ്ട തുക ലഭിച്ചിട്ടില്ലെന്നു അവർ പറഞ്ഞു. സ്വതന്ത്ര മത്സ്യത്തൊഴിലാളി  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൻ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് പി.ജെ.ആന്റണി അധ്യക്ഷത വഹിച്ചു.  സെക്രട്ടറി പി.വി.ജയൻ,ഫെഡറേഷൻ ജില്ലാ സെക്രട്ടറി ആന്റണി കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com