തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം; യാത്രക്കാരുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷ
Mail This Article
തൃപ്പൂണിത്തുറ ∙ കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കു ചലിച്ചു തുടങ്ങി. ഇന്നു പുലർച്ചെ 1 മണിക്കു ശേഷമാണ് മെട്രോ ടെർമിനൽ സ്റ്റേഷനിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചത്. പുലർച്ചെ വരെ പരീക്ഷണ ഓട്ടം നീണ്ടു. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറയിലെ സിഗ്നലിങ്, ടെലികോം, ട്രാക്‌ഷൻ ജോലികൾ പൂർത്തിയായി. ഇതിന്റെ പരീക്ഷണവും ഉടൻ ആരംഭിക്കും. 1.18 കിലോമീറ്ററാണ് എസ്.എൻ. ജംക്‌ഷനിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ ഉള്ളത്.
സേഫ്റ്റി കമ്മിഷണറുടെ പരിശോധന അടുത്ത് തന്നെ ഉണ്ടാകും എന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. തുടർന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. റെയിൽവേ സ്റ്റേഷനു സമീപം മെട്രോ സ്റ്റേഷൻ വരുന്നതോടെ ഒട്ടേറെ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. ദിവസം ഒരു ലക്ഷം യാത്രക്കാർ എന്ന രീതിയിൽ യാത്രക്കാരുടെ എണ്ണം കൂടും എന്നാണ് ഇവരുടെ പ്രതീക്ഷ.