മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബുമായി കോർപറേഷൻ
Mail This Article
കൊച്ചി ∙ നഗരത്തിലെ ഹോട്ടലുകളിലെയും തട്ടുകടകളിലെയും ഭക്ഷ്യോൽപന്നങ്ങളുടെയും അവ നിർമിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബുമായി കോർപറേഷൻ. ഇന്ന് ഉച്ചയ്ക്ക് 2.30നു പൂണിത്തുറ ഗാന്ധി സ്ക്വയർ മിനി പാർക്കിൽ മന്ത്രി വീണാ ജോർജ് മൊബൈൽ ലാബ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സുരക്ഷയ്ക്കായി സംവിധാനം ഒരുക്കേണ്ടതു ഭക്ഷ്യ സുരക്ഷ വകുപ്പിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.
ഭക്ഷ്യ വിഷബാധയുൾപ്പെടെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയാറാക്കാൻ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പാൽ എന്നിവയുടെ ഉൾപ്പെടെ ഗുണനിലവാരം ഇതിൽ പ്രധാനപ്പെട്ടതാണ്. വലിയ ഹോട്ടലുകളിൽ ഭക്ഷണം തയാറാക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്. എന്നാൽ ചെറിയ ഹോട്ടലുകളിലും തട്ടുകടകളിലും ഇത്തരം സംവിധാനങ്ങളില്ല.
ഭക്ഷണ ഉൽപാദന, വിതരണ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ, വെള്ളം, പാൽ എന്നിവയുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെയും ഭക്ഷ്യോൽപന്നങ്ങളുടെയും ഗുണനിലവാരം അതതു സ്ഥലങ്ങളിൽ ചെന്നു പരിശോധിക്കാൻ ഈ ലാബിലൂടെ കഴിയും. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആർ ധനസഹായത്തോടെ 41 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുന്നത്. നിയോജൻ ഫുഡ് ആൻഡ് അനിമൽ സെക്യൂരിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റെർലിങ് ഗ്രൂപ്പ് എന്നിവയുടെ സാങ്കേതിക സഹായവും പദ്ധതിക്കുണ്ട്.