ADVERTISEMENT

കൊച്ചി ∙ തസ്തിക സൃഷ്ടിക്കാതെ, കായികാധ്യാപകർ ഹയർ സെക്കൻഡറിയിലും പഠിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പുനഃപരിശോധിക്കണമെന്നു കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കായിക വിദ്യാഭ്യാസ പഠനത്തിനു പുറമേ ഉപജില്ല, ജില്ല, സംസ്ഥാന മേളകൾ നടത്തേണ്ടതും കായികാധ്യാപകരുടെ ചുമതലയായി. പുതിയ സർക്കുലർ പ്രകാരം യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ജോലി ചെയ്യുകയും പ്രൈമറി അധ്യാപക വേതനം മാത്രം ലഭിക്കുകയും ചെയ്യുന്ന കായികാധ്യാപകർക്ക് ഇത് അധിക ഭാരമാണെന്നു സംഘടന ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറിയിൽ കായിക വിദ്യാഭ്യാസത്തിന് ആഴ്ചയിൽ 2 പീരിയഡ് അനുവദിച്ചെങ്കിലും കായികാധ്യാപക തസ്തിക അനുവദിച്ചിട്ടില്ല. ആ പീരിയഡുകളിൽ മറ്റു വിഷയങ്ങളാണു കൈകാര്യം ചെയ്യുന്നത്.

ഇതിനെതിരെ വിദ്യാർഥികൾ ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. വിഷയം പരിഹരിക്കണമെന്ന നിർദേശം കമ്മിഷൻ സർക്കാരിനു നൽകി. തസ്തിക സൃഷ്ടിച്ച് ആരോഗ്യ-കായിക വിദ്യാഭ്യാസം നൽകുന്നതിനു പകരം ഹൈസ്കൂളിലോ പ്രൈമറിയിലോ പഠിപ്പിക്കുന്ന കായികാധ്യാപകരുടെ സേവനം ഈ പിരിയഡുകളിൽ വിനിയോഗിക്കുക എന്നതാണു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ പറയുന്നത്. കായികാധ്യാപകർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നു ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് എ.വി.സൈന യോഗത്തിൽ അധ്യക്ഷത വഹിച്ചു. അമേസിങ് ലൂയിസ്, ഷൈജി ജേക്കബ്, കെ.എ.റിബിൻ, അലക്സ് ആന്റണി, എസ്.അനി, ഷാരോൺ പോൾ, ഷൈൻ പി.ജോസ്, ജിബു പോൾ, ടി.എം.മാർട്ടിൻ, സുനു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com