കുന്നത്തുനാട് നവകേരള സദസ്സ്: കോലഞ്ചേരിയിൽ ഒരുക്കങ്ങളായി
Mail This Article
കോലഞ്ചേരി ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്നത്തുനാട് നിയോജക മണ്ഡലം നവ കേരള സദസ്സ് ഇന്ന് വൈകിട്ട് 5ന് സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കും. 30,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 10,000പേർക്ക് ഇരിക്കാം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ. ശുദ്ധ ജലവും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ സമാപന കേന്ദ്രമായ കോലഞ്ചേരിയിലാണ് രാത്രി ഭക്ഷണം. വൈകിട്ട് 4ന് അലോഷിയുടെ ‘ഗസൽ സന്ധ്യ’ അരങ്ങേറും.
കൗണ്ടറുകൾ:
ഉച്ചയ്ക്ക് 2മുതൽ പരാതികൾ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തനം തുടങ്ങും. 25 കൗണ്ടറുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കു രണ്ടും മുതിർന്ന പൗരന്മാർക്കു നാലും വനിതകൾക്ക് അഞ്ചും കൗണ്ടറുകളുണ്ട്. ടോക്കൺ നൽകാനും സൗകര്യമേർപ്പെടുത്തി.
ട്രാഫിക്:
ദേശീയപാതയിൽ തോന്നിക്ക ജംക്‌ഷൻ മുതൽ ബ്ലോക്ക് ജംക്‌ഷൻ വരെ റോഡിന് ഇരുവശവും വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്. മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തോന്നിക്ക ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞ് പൂതൃക്ക, പുത്തൻകുരിശ് വഴി പോകണം. എറണാകുളത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പെട്രോൾ പമ്പിന് എതിർവശത്തുള്ള പെരിങ്ങോൾ റോഡിലേക്കു പ്രവേശിച്ച് മൂശാരിപ്പടി, ഞെരിയാംകുഴി വഴി തോന്നിക്കയിലെത്തണം.
പാർക്കിങ്
നവ കേരള സദസ്സിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ കിടാച്ചിറ ഹിൽടോപ്പ്, മെഡിക്കൽ കോളജ് മൈതാനം, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. തിരുവാണിയൂർ, പുത്തൻകുരിശ്, പൂതൃക്ക, ഐക്കരനാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ ബ്ലോക്ക് കവലയിൽ ഇറങ്ങണം. മഴുവന്നൂർ, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ കോടതി ജംക്‌ഷനിൽ ഇറങ്ങണം.
ചുറ്റുമതിൽ പൊളിച്ച് സഞ്ചാരപാത
കോലഞ്ചേരി ∙ നവ കേരള സദസ്സ് നടക്കുന്ന സെന്റ് പീറ്റേഴ്സ് കോളജ് ഗ്രൗണ്ടിലെ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു സുരക്ഷാ മാർഗം ഒരുക്കി. ഒറ്റ പ്രവേശന കവാടം മാത്രമായിരുന്നു ഗ്രൗണ്ടിന് ഉണ്ടായിരുന്നത്. കറുകപ്പിള്ളി റോഡിൽ കുരിശു പള്ളിക്ക് എതിർവശത്ത് 12 അടി ചുറ്റുമതിൽ പൊളിച്ചാണ് രണ്ടാമത്തെ സഞ്ചാര പാത ഒരുക്കിയത്. പരിപാടിക്കു ശേഷം മതിൽ കെട്ടിക്കൊടുക്കുമെന്ന ധാരണയിലാണ് പൊളിച്ചത്.