ADVERTISEMENT

നെടുമ്പാശേരി ∙ മേയ്ക്കാട് ആലുങ്ങക്കടവ് പാലത്തിന് അപ്രോച്ച് റോഡ് നിർമാണത്തിന് ടെൻഡർ നടപടികൾ ആരംഭിച്ചു.  മാഞ്ഞാലിത്തോടിന് കുറുകെ പറമ്പുശേരി, മേക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ആലുങ്ങക്കടവ് പാലംനിർമാണം പൂർത്തിയായിട്ട് 6 വർഷത്തിലേറെയായി. 11.2 കോടി രൂപ ചെലവഴിച്ച‌ാണ്  പാലം നിർമിച്ചത്. പാലം യഥാസമയം പൂർത്തിയായെങ്കിലും ഇരു വശത്തും ഇതു വരെ അപ്രോച്ച് റോഡ് നിർമിച്ചില്ല. മേയ്ക്കാട് ഭാഗത്ത് 20 മീറ്റർ നീളത്തിലും പറമ്പുശേരി ഭാഗത്ത് 15 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിക്കേണ്ടത്. ഇതിന് 0.75 ഏക്കറോളം സ്ഥലമാണ് വേണ്ടത്.  പാലം നിർമാണ സമയത്ത് അപ്രോച്ച് റോഡിന് സ്ഥലമെടുത്തിരുന്നില്ല. പാലം നിർമാണം പൂർത്തിയായപ്പോൾ തണ്ണീർത്തടം നികത്തുന്നതിലെ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് വർഷങ്ങളോളം തടസ്സപ്പെട്ടു. 

ഏറെ നാളുകൾക്ക് ശേഷം അൻവർ സാദത്ത് എംഎൽഎയുടെ ശ്രമഫലമായി പ്രത്യേക മന്ത്രിസഭ അനുമതി വാങ്ങി പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ അനുമതിയായി. ഇതിനായി പണവും അനുവദിച്ചെങ്കിലും സ്ഥലമേറ്റെടുക്കൽ നടപടികൾ അനന്തമായി നീണ്ടു. ക്ഷുഭിതരായ നാട്ടുകാർ സ്വയം പണം കണ്ടെത്തി ഇരുവശവും മണ്ണിട്ട് നികത്തി താൽക്കാലിക അപ്രോച്ച് റോഡ് ഉണ്ടാക്കി പാലത്തിലൂടെ ആളുകൾ കടന്നു പോകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. 

ഇതിനിടെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. റോഡ് നിർമാണത്തിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ടെൻഡർ തുറന്ന് കരാറുകാരനെ കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.  പാലത്തിന്റെ ഇരുവശത്തുമായി 100 മീറ്റർ വീതം നീളത്തിലും 8 മീറ്റർ വീതിയിലുമായിരിക്കും അപ്രോച്ച് റോഡ് നിർമിക്കുക. റോഡിന്റെ നിർമാണം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതിലൂടെ പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനം ആകുമെന്ന് എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com