പെരുമ്പാവൂർ ഒരുങ്ങി; നവകേരള സദസ്സ് ഇന്ന്
Mail This Article
പെരുമ്പാവൂർ ∙ നവകേരള സദസ്സിനെ വരവേൽക്കാൻ ഒരുങ്ങി പെരുമ്പാവൂർ. ഇന്ന് ഉച്ചയ്ക്ക് 2നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പെരുമ്പാവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഒരുക്കിയ നവകേരള വേദിയിൽ എത്തുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു നിർത്തിവച്ച നവകേരള സദസ്സ് ഇന്നു പെരുമ്പാവൂരിൽ ആണ് പുനരാരംഭിക്കുന്നത്.രാവിലെ 11 മുതൽ 26 കൗണ്ടറുകളിൽ പരാതികൾ സ്വീകരിക്കും. 12 മുതൽ സ്കൂൾ, കോളജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, സംഘനൃത്തം, സംഘഗാനം തുടങ്ങിയവ. 2ന് നവകേരള സദസ്സ് ആരംഭിക്കും.
രാവിലെ വെങ്ങോല ഹമാര ഓഡിറ്റോറിയത്തിൽ നിശ്ചയിച്ച പ്രഭാതയോഗവും പത്ര സമ്മേളനവും റദ്ദാക്കി.രാവിലെ 8 മുതൽ പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് 11 മണിയിലേക്കു മാറ്റിയത്. 25000 പേർക്കു പങ്കെടുക്കാവുന്ന വിധത്തിൽ 36000 ചതുരശ്രയടിയിലാണു ബോയ്സ് സ്കൂൾ മൈതാനത്ത് പന്തൽ തയാറാക്കിയിരിക്കുന്നത്. കുടിവെള്ളം, ശുചിമുറികൾ, മെഡിക്കൽ യൂണിറ്റ്, ആംബുലൻസ് എന്നിവയുണ്ടാകും. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ആശ്രമം ഹൈസ്കൂൾ ഗ്രൗണ്ട്, പാലക്കാട്ടു പാലം ഗ്രൗണ്ട് എന്നിവിടങ്ങളിലാണു പാർക്കിങ്. പൊതുജനങ്ങൾക്കു സദസ്സിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി വിവിധ പഞ്ചായത്തുകളിൽ നിന്ന് 268 വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.