നെഞ്ചോളം ചെളിയിൽ മുങ്ങി, ശബ്ദിക്കാൻ പോലും പറ്റാതായി; വയോധികയെ അഗ്നിരക്ഷാ സേന രക്ഷിച്ചു
Mail This Article
മരട് ∙ പൈലിങ് ചെളിയിൽ നെഞ്ചോളം മുങ്ങിയ മരട് കൂട്ടൂങ്കൽ തിട്ടയിൽ കമലാക്ഷിയെ (76) തൃപ്പൂണിത്തുറ അഗ്നിരക്ഷാ സേന രക്ഷിച്ചു. മരട് സെന്റ് ആന്റണീസ് റോഡിനു സമീപത്തെ ചതുപ്പിൽ മൂന്നര മണിക്കൂറോളം കുടുങ്ങിയ ഇവരെ സാഹസികമായാണു രക്ഷപ്പെടുത്തിയത്.
തൊട്ടടുത്തു താമസിക്കുന്ന സീന, ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ വന്നപ്പോൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടു മാത്രമാണ് കമലാക്ഷിയെ രക്ഷിക്കാനായത്. ചുവപ്പു നിറമുള്ള ബ്ലൗസാണ് ചതുപ്പിൽ ആദ്യം കണ്ടത്. തുണി ആയിരിക്കുമെന്നു കരുതിയപ്പോൾ കൈ അനങ്ങുന്നതു ശ്രദ്ധയിൽ പെട്ടു. സീന ബഹളം വച്ച് നാട്ടുകാരെ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി.
ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കമലാക്ഷി ചതുപ്പിൽ വീണത്. ചാഞ്ഞു കിടന്ന ശീമക്കൊന്ന ചില്ലയിൽ പിടിത്തം കിട്ടിയതിനാൽ കൂടുതൽ ആഴത്തിലേക്കു പോകാതെ കിടക്കുകയായിരുന്നു. ഉണങ്ങിയ ചതുപ്പിലൂടെ രക്ഷിക്കാൻ ശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളുടെ കാലുകൾ ചെളിയിൽ താഴ്ന്നതോടെ ഉപകരണ സഹായത്തോടെയാണ് കമലാക്ഷിയുടെ അടുത്തെത്താനായത്.
ചെളി കഴുകിനീക്കി അടുത്ത വീട്ടിൽ നിന്നു വസ്ത്രം നൽകി. മറ്റു പരുക്കുകൾ ഇല്ലായിരുന്നെങ്കിലും ശബ്ദിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്ന കമലാക്ഷിയെ മരട് പൊലീസ് ആശുപത്രിയിൽ എത്തിച്ചു.
മുൻ കൗൺസിലർ ജിൻസൺ പീറ്ററിന്റെ നേതൃത്വത്തിൽ സഹായങ്ങൾ നൽകി. ആരോഗ്യം വീണ്ടെടുത്ത കമലാക്ഷി വൈകിട്ട് ആറോടെ ആശുപത്രി വിട്ടു. തൃപ്പൂണിത്തുറ ഫയർ സ്റ്റേഷൻ ഇൻ ചാർജ് പി.കെ. സന്തോഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി. വിനുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ബിനോയ്ചന്ദ്രൻ, എം.സി. സിൻമോൻ, പി.ഐ. അരുൺ ഐസക്ക്, സി.വി. വിപിൻ, എസ്. ശ്രീനാഥ്, ഹോംഗാർഡ് എം. രജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.