പേട്ട ജംക്‌ഷൻ നവീകരണ പദ്ധതി തയാറാകുന്നതായി എൻഎച്ച്എഐ
Mail This Article
പേട്ട ∙മെട്രോ നിർമാണത്തിന്റെ ഭാഗമായി 3 വർഷം മുൻപു പൊളിച്ചു നീക്കിയ പേട്ട ജംക്‌ഷനിലെ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഒടുവിൽ തീരുമാനം. ദേശീയ പാത 85ൽ മൂന്നാർ മുതൽ കുണ്ടന്നൂർ വരെ നവീകരണ ജോലികളോടനുബന്ധിച്ചായിരിക്കും പേട്ടയിലെ നവീകരണവും. ജോലികൾ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ) നടത്തുമെന്ന് പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് കൊച്ചി പ്രൊജക്ട് ഡയറക്ടർ പി. പ്രദീപ് പൂണിത്തുറ മുക്കോട്ടിൽ ടെംപിൾ റോഡ് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് റോയ് തെക്കനു വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ അറിയിച്ചു.
മേജർ ‘ടി’ ജംക്‌ഷൻ ആയിട്ടാണ് പേട്ട നവീകരിക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, റോഡ് ഫർണിച്ചർ, ട്രാഫിക് ബോർഡുകൾ, സോളർ ബ്ലിങ്കർ ലൈറ്റുകൾ മുതലായവ ഉണ്ടാകുമെന്നും മറുപടിയിൽ പറയുന്നു. പേട്ടയിൽ ബിറ്റുമിൻ പണികൾ മാത്രമാണ് നടത്തുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.അതേ സമയം, പൂണിത്തുറ മിനി ബൈപാസ് ജംക്‌ഷനിലെ കലുങ്ക് തകർന്നതിന്റെ അറ്റകുറ്റപ്പണിയും എൻഎച്ച്എഐ ആണ് ഏറ്റെടുത്തിട്ടുള്ളത്. 3 വർഷമായിട്ടും പണി നീണ്ടു പോകുകയാണ്. ഇവിടെ ഗതാഗത കുരുക്ക് ഒഴിഞ്ഞിട്ടു നേരമില്ല. കലുങ്ക് പണി പോലെ ആകരുതേ പേട്ട ജംക്‌ഷൻ വികസനമെന്നാണ് നാട്ടുകാരുടെ പ്രാർഥന. ദേശീയ പാത 85ൽ മൂന്നാർ - കുണ്ടന്നൂർ നവീകരണ ജോലികളോടനുബന്ധിച്ചാകും പേട്ടയിലെ നവീകരണവും