ADVERTISEMENT

അങ്കമാലി ∙ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ ആശങ്ക ഒഴിയാതെ നിക്ഷേപകർ. നിക്ഷേപകരുടെ പണം തിരികെ ലഭിക്കുന്നതിനെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. സഹകരണ വകുപ്പിന്റെ അന്വേഷണങ്ങളും ബാങ്കിനു മുന്നിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും നടക്കുന്നുണ്ട്. വ്യാജ പ്രമാണങ്ങളുണ്ടാക്കി ബാങ്കിൽ നിന്നു കോടിക്കണക്കിനു വായ്പ അനുവദിച്ചതു സംബന്ധിച്ചും ബാങ്കിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായവർക്കെതിരെയും നടപടികളില്ല. ആശുപത്രി ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവ മുന്നിൽ കണ്ടാണു പലരും നിക്ഷേപിച്ചത്. 

ബാങ്കിലെ ക്രമക്കേടിനോടനുബന്ധിച്ചു ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.  100 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തിൽ നടന്നിട്ടുള്ളത്. സംഘം പ്രസിഡന്റും ചില ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ക്രമക്കേടിൽ നേരിട്ടു പങ്കാളികളാണെന്നാണു നിക്ഷേപകർ ആരോപിക്കുന്നത്. സഹകരണ സംഘം ഓഫിസ് എവിടെയാണെന്ന് അറിയാത്തവരുടെ പേരിൽ പോലും ലക്ഷങ്ങളാണ് വായ്പ എടുത്തിട്ടുള്ളത്.

ബാങ്കിലെ പണം ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത്തരം സാമ്പത്തിക തിരിമറികൾ കണ്ടെത്തുന്നതിനു നടപടികളില്ല. പ്രളയവും കോവിഡും മൂലം റിയൽ എസ്റ്റേറ്റ് മേഖലയിൽ വേണ്ടത്ര കച്ചവടങ്ങൾ നടക്കാതിരുന്നത് കച്ചവടക്കാരിൽ പ്രതിസന്ധിയുണ്ടാക്കുകയും പ്രതീക്ഷിച്ച രീതിയിൽ ബാങ്കിൽ പണം തിരികെ എത്താതിരിക്കുകയും ചെയ്തത് ബാങ്കിലെ സാമ്പത്തിക പ്രശ്നം രൂക്ഷമാക്കി. ആദ്യ ഘട്ടത്തിൽ വായ്പകൾ പുതുക്കി വച്ചെങ്കിലും പിന്നീട് അതിനും കഴിയാത്ത അവസ്ഥയിലായി. കോടികൾ പലിശയിനത്തിൽ കുമിഞ്ഞുകൂടിയതോടെ കളളക്കളികൾ പുറത്തുവരികയും ചെയ്തു. 

പണം കയ്യിൽ ഇല്ലാതെ ക്രമക്കേടുകളിലൂടെ മാത്രം സ്ഥലം വാങ്ങിക്കൂട്ടിയവരുണ്ട്. വരും ദിവസങ്ങളിലെ നടപടികളുടെ ആദ്യപടി എന്ന നിലയിലാണ് ഒരു ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുള്ളത്. പണം ചെലവഴിക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബാങ്കിങ് ഇടപാടുകളിൽ ലഭിക്കുന്ന എല്ലാ വരവുകളും ഒരു പ്രത്യേക എസ്ബി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും മറ്റൊരു ഇനത്തിലും തുക ചെലവഴിക്കരുതെന്നും എറണാകുളം സഹകരണ സംഘം ജോയിന്റ് റജിസ്‌ട്രാർ(ജനറൽ) ഉത്തരവിട്ടിട്ടുണ്ട്.

5000 രൂപയിൽ കൂടുതലുള്ള ചെലവ് ബാങ്കിൽ നിന്നു നൽകാൻ പാടില്ലെന്നും അതിലുപരിയായി ചെലവഴിക്കേണ്ടി വന്നാൽ അടിയന്തരഘട്ടങ്ങളിൽ ആലുവ സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാറുടെ(ജനറൽ) മുൻകൂർ അനുവാദം വേണമെന്നും നിർദേശമുണ്ട്.അങ്കമാലി അർബൻ സഹകരണ സംഘം നിക്ഷേപ സംരക്ഷണ സമിതി നൽകിയ പരാതിയെ തുടർന്നാണ് സഹകരണ വകുപ്പിന്റെ ഈ നടപടി.ബാങ്കിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. അങ്കമാലി പൊലീസ് സ്റ്റേഷനിൽ ഇതുവരെ ഇരുപതോളം പരാതികൾ ലഭിച്ചിട്ടുണ്ട്.

എടുക്കാത്ത വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചതിനെതിരെ 10 പേരാണ് പരാതി നൽകിയത്. നിക്ഷേപ തുക തിരിച്ചു ലഭിക്കാത്തതിനെതിരെയും പരാതികളുണ്ട്. ബാങ്കിനു മുന്നിൽ ഇന്നലെ ബിജെപി അങ്കമാലി മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്തു. സഹകാരികളുടെ സമ്പത്ത് കൊള്ളയടിച്ച അർബൻ സർവീസ് സഹകരണ സംഘത്തിന്റെ ഡയറക്ടർമാരിൽ നിന്നു പണം ഈടാക്കി സഹകാരികൾക്കു നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.

പാർട്ടി ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിലെ ക്രമക്കേട് അർബൻ സഹകരണ സംഘത്തിന്റെ അറിവോടുകൂടിയാണെന്നും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ഒട്ടേറെ ആളുകൾക്ക് ക്രമക്കേടുമായി ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു. അങ്കമാലി മണ്ഡലം പ്രസിഡന്റ് എൻ.മനോജ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.കെ.ഭസിത് കുമാർ, നഗരസഭ കൗൺസിലർമാരായ സന്ദീപ് ശങ്കർ, എ.വി.രഘു, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.എം.ബിജു, സംസ്ഥാന കൗൺസിൽ അംഗം എം.എൻ.ഗോപി, കാലടി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ്, രാഹുൽ പാറക്കടവ്, സലീഷ് ചെമ്മണ്ടൂർ, കെ.ടി.ഷാജി, കെ.വി.ബിന്ദു, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com