ADVERTISEMENT

കൊച്ചി∙ മണ്ണുമാന്തിയന്ത്രവുമായി വന്ന് നഗരമധ്യത്തിലെ ജിസിഡിഎ റോഡ് പൊളിച്ചു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപമുള്ള ലിങ്ക് റോഡാണ് ഹൈക്കോടതി അഭിഭാഷകനായ കെ.പി. മുജീബിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കയ്യേറിയത്. റോഡ് തകര്‍ന്നതോടെ ഈ പ്രദേശത്ത് താമസിക്കുന്ന അമ്പതോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. സമീപത്തെ അപ്പാര്‍ട്ട്മെന്റുകളില്‍ കുടിവെള്ള ടാങ്കറുകള്‍ എത്തിക്കാന്‍ കഴിയുന്നില്ല. വാഹനങ്ങള്‍ പുറത്തേയ്ക്കിറക്കാനും കഴിയുന്നില്ല.    

GCDA-link-road2
മണ്ണുമാന്തിയന്ത്രവുമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപമുള്ള ലിങ്ക് റോഡ് പൊളിക്കുന്നു

പ്രാധാന മന്ത്രിയുടെ സന്ദര്‍ശന ദിവസമാണ് നഗരമധ്യത്തില്‍ ഈ അതിക്രമം നടന്നത്. രാവിലെ 11 മണിയോടെ രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും അമ്പതോളം അക്രമികളുമായെത്തിയ മുജീബ് ആദ്യം സ്റ്റേഡിയം റിങ് റോഡില്‍നിന്ന് ജിസിഡിഎ ലിങ്ക് റോഡിലേയ്ക്കു് താല്കാലിക ഗേറ്റ് അടച്ചുപൂട്ടി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ നടക്കുന്ന ദിവസങ്ങളില്‍ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ താല്ക്കാലിക ഗേറ്റ്. സ്റ്റേഡിയത്തിനു കിഴക്ക് മുജീബിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലൂടെ കടന്നുപോകുന്ന നാല് മീറ്റര്‍ പൊതുവഴിയാണ് ആദ്യം പൊളിച്ചത്. ടൈലുകള്‍ പൊളിച്ചുമാറ്റി റോഡില്‍ ആഴത്തില്‍ കുഴിയെടുത്ത് ഗതാഗതമാര്‍ഗം പൂര്‍ണമായും ഇല്ലാതാക്കി.

പകലായതിനാല്‍ മിക്ക വീടുകളിലും സ്ത്രീകളും പ്രായമായവരും മാത്രമേയുണ്ടായിരുന്നുള്ളു. അവരെ ബന്ദികളാക്കിയാണ് അക്രമം അരങ്ങേറിയത്. സമീപത്തെ ഫ്ലാറ്റുടമകള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഏതാണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

പൊലീസ് ഉദ്യോഗസ്ഥര്‍ വന്നതിനു ശേഷവും പൊളിക്കല്‍ തുടര്‍ന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ജിസിഡിഎ ലിങ്ക് റോഡ് പൊളിച്ചുമാറ്റിയത്. ജിസിഡിഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അവരെ വെല്ലവിളിച്ചുകൊണ്ട് അക്രമി സംഘം റോഡ് കയ്യേറി. ജിസിഡിഎയുടെ ഒമ്പത് സെന്റോളം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. ജിസിഡിഎ നല്‍കിയ പരാതിയില്‍ ഭൂമി കയ്യേറ്റം, പൊതുമുതല്‍ നശിപ്പിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മുജീബിനും കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com