ADVERTISEMENT

കൊച്ചി ∙ നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി ബോര്‍ഡില്‍ നേരത്തെ പ്രസ്തുത പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് മേയറുടെ ആവശ്യപ്രകാരം മുഴുവന്‍ പണവും അനുവദിക്കാന്‍ സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് തീരുമാനിച്ചു. 15 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മൂന്നാമത്തെ റോ-റോ യ്ക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം കപ്പല്‍ശാലയില്‍ എത്തി ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ മധു എസ്. നായരുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. റോ-റോ യുടെ നിര്‍മാണ ചുമതല ഏല്‍ക്കുന്ന എൻജിനീയര്‍മാരുമായും വിഷയം ചര്‍ച്ച ചെയ്തു. 

2024 ഫെബ്രുവരിയില്‍ തുടങ്ങി 2025 ഫെബ്രുവരിയില്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി നഗരസഭയും കൊച്ചി കപ്പല്‍ശാലയും സ്മാര്‍ട്ട് സിറ്റി അധികൃതരും ചേര്‍ന്നുള്ള ധാരണാപത്രം ഒപ്പുവച്ചു. ആദ്യഘട്ടമായി 3 കോടി രൂപ അടുത്ത ദിവസം തന്നെ കപ്പല്‍ശാലയ്ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കൈമാറും. കപ്പല്‍ശാല നല്‍കിയിട്ടുള്ള ഡിപിആര്‍ ഇതിനോടൊപ്പം അംഗീകരിച്ച് നല്‍കും. മൂന്നാമത്തെ റോ-റോ നിര്‍മിക്കുമ്പോള്‍ നിലവിലുള്ള റോ-റോയില്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികള്‍ പലതും തകരാര്‍ സംഭവിക്കുമ്പോള്‍ വിദേശത്തു നിന്നും സാങ്കേതിക വിദഗ്ദര്‍ വരാന്‍ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇവര്‍ പലപ്പോഴും പരിശോധന നടത്തി അറ്റകുറ്റപ്പണി വേണ്ടി വരുമ്പോള്‍ വീണ്ടും സ്പെയര്‍പാര്‍ട്ടുകള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിനാല്‍ തദ്ദേശീയമായ സാമഗ്രികള്‍ കൂടുതല്‍ ഉപയോഗിക്കണമെന്ന ഒരു അഭ്യര്‍ഥന മുന്നോട്ട് വച്ചിട്ടുണ്ട്. റോ-റോ യുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അത്യാവശ്യം സ്പെയര്‍പാര്‍ട്ടുകള്‍ റോ-റോ യില്‍ തന്നെ വാങ്ങി സൂക്ഷിക്കുന്ന കാര്യവും പരിശോധിക്കാമെന്ന് ഷിപ്പ് യാര്‍ഡ് സമ്മതിച്ചിട്ടുണ്ട്. ക്രിയാത്മകമായ ചര്‍ച്ചയാണ് ഷിപ്പ് യാര്‍ഡ് സിഎംഡി യും ഉദ്യോഗസ്ഥരുമായും നടത്തിയത്.

കൊച്ചിയിലെ ജനങ്ങള്‍ക്ക് എറണാകുളത്തേക്ക് വരാനുള്ള ഏറ്റവും നല്ല യാത്രാമാര്‍ഗമാണ് ഇപ്പോള്‍ റോ-റോ. ടൂറീസം രംഗത്തെയും റോ-റോ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇടയ്ക്ക് പലപ്പോഴും റോ-റോ കേടാകുന്നതും യാത്ര മുടങ്ങുന്നതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാണ് മൂന്നാമത്തെ റോ-റോ യുടെ നിര്‍മാണം. ഏറെക്കാലത്തെ കൊച്ചി നഗരസഭയുടെയും ജനങ്ങളുടെയും സാഫല്യത്തിന്‍റെ പൂര്‍ത്തീകരണമാണ് കൊച്ചി കപ്പല്‍ശാലയില്‍ തന്നെ റോ-റോ നിര്‍മിക്കാനുള്ള തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com