കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 32 വിദ്യാർഥികൾക്കു പരുക്ക്
Mail This Article
പെരുമ്പാവൂർ∙ മൂന്നാറിൽ പഠനയാത്ര പോയി മടങ്ങുകയായിരുന്ന കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 32 വിദ്യാർഥികൾക്കു പരുക്ക്. ഇടിയുടെ ആഘാതത്തിൽ ബസ് പൊലീസ് എയ്ഡ് പോസ്റ്റിനു മുകളിലേക്കു മറിഞ്ഞു. കോഴിക്കോട് കൊണ്ടോട്ടി ഇഎംഇഎ ആർട്സ് ആൻഡ് സയൻസ് കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്ക് ഗുരുതരമല്ല. എല്ലാവരെയും പ്രാഥിമിക ചികിത്സ നൽകി വിട്ടയച്ചു.
ഇന്നലെ പുലർച്ചെ 3ന് ആലുവ-മൂന്നാർ റോഡും എംസി റോഡും സംഗമിക്കുന്ന കാലടി കവലയിലായിരുന്നു അപകടം. കോതമംഗലം ഭാഗത്തു നിന്നു വരികയായിരുന്ന ബസ് തൊടുപുഴയിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറിയുമായിട്ടാണ് കുട്ടിയിടിച്ചത്.പരുക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു..അപകട സമയത്ത് മൂവാറ്റുപുഴ ഭാഗത്തു നിന്നു വരികയായിരുന്ന 2 കാറുകൾ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ റോഡിലെ മീഡിയനിൽ ഇടിച്ചു.ആർക്കും പരിക്കില്ല. അപകടത്തിൽ മറിഞ്ഞ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു.
അപകട കാരണം വെളിച്ചക്കുറവ്
∙കാലടി കവലയിൽ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനരഹിതമായിട്ടു മാസങ്ങളായി. വ്യാപാര സ്ഥാപനങ്ങൾ അടച്ചു കഴിഞ്ഞാൽ ഈ ഭാഗത്ത് കൂരിരുട്ടാണ്. 3 മാസം മുൻപ് പെരുമ്പാവൂർ സർക്കാർ ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ഈ ഭാഗത്ത് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനു വെളിച്ചമില്ലാത്തത് തടസ്സമായി പൊലീസും ഫയർഫോഴ്സും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലടി കവലയിൽ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തിപ്പിക്കുന്നതിനു നടപടി വേണമെന്നാണ് ആവശ്യം.