വയോമിത്രം ക്യാംപിൽ അവശ്യ മരുന്നുകളില്ല
Mail This Article
കൂത്താട്ടുകുളം∙ നഗരസഭയിലെ വയോമിത്രം ക്യാംപിൽ അവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം വയോധികർ വലയുന്നു. കഴിഞ്ഞ 3 മാസത്തിലേറെയായി ക്യാംപിൽ ഇൻസുലിൻ ലഭിക്കാത്ത സ്ഥിതിയാണ്. രക്ത സമ്മർദത്തിന് നൽകുന്ന 5 തരം മരുന്നുകളിൽ 2 തരം ഗുളികകളും കാൽസ്യം, ചുമ എന്നിവയ്ക്കുള്ള മരുന്നും ഇല്ല. 2 മാസം മുൻപ് ഒരു വർഷത്തേക്കുള്ള മരുന്നുകൾക്ക് ഓർഡർ നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വയോമിത്രം പദ്ധതി വഴി മരുന്നുകൾ വിതരണം ചെയ്യുന്നത്.
രണ്ടും മൂന്നും കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് എഴുപതുകാരും എൺപതുകാരുമൊക്കെ ക്യാംപിൽ എത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരം അറിയുന്നത്. മരുന്നില്ലാത്ത സാഹചര്യം മുൻകൂട്ടി അറിയിക്കാതെ വയോധികരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. അവശ്യ മരുന്നുകൾ ലഭ്യമാക്കാൻ എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നഗരസഭയിൽ 24, 25 വാർഡുകളിലെ വയോധികർ ഒന്നാം വാർഡിലെ ക്യാംപിനെയാണ് ആശ്രയിക്കുന്നത്. 24, 25 വാർഡുകൾക്ക് പൊതുവായി മറ്റൊരു ക്യാംപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ടി.എസ്. സാറ വയോമിത്രം അധികൃതർക്ക് നിവേദനം നൽകി.