പുത്തൻകാവ് പാലം പുത്തനാക്കണം
Mail This Article
പൂത്തോട്ട ∙ പുത്തൻകാവ് പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം - കോട്ടയം സംസ്ഥാന പാതയിൽ കോണത്തുപുഴയ്ക്കു കുറുകെയുള്ള പാലം കാലത്തിനൊത്ത് പുനർ നിർമിക്കണം എന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും അനുകൂല നടപടി മാത്രം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. പാലത്തിന് ആവശ്യത്തിനു വീതിയില്ലാത്തതാണ് പ്രധാന പ്രശ്നം. ദിവസേന നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ കുപ്പിക്കഴുത്ത് ഭാഗമായിരിക്കുകയാണു പാലം. രണ്ടു വലിയ വാഹനങ്ങൾ ഒരുമിച്ചു വന്നാൽ ഏറെ ബുദ്ധിമുട്ടിയാണ് പാലത്തിലൂടെ പോകുന്നത്. ഇതിനാൽ ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണു ഈ വഴിയുള്ള സഞ്ചാരം. പാലത്തിന്റെ ദുരവസ്ഥ കാരണം രാത്രി ഭൂരിഭാഗം യാത്രക്കാരും നടക്കാവ് – മുളന്തുരുത്തി വഴിയാണു കാഞ്ഞിരമറ്റത്തേക്കു പോകുന്നത്.
ദൂരം കൂടുതലാണെങ്കിലും അപകടം ഒഴിവാക്കാനാണ് ഇങ്ങനെ സഞ്ചരിക്കുന്നതെന്നാണു യാത്രക്കാർ പറയുന്നത്. കൂരിരുട്ടിലാണ് പലപ്പോഴും പുത്തൻകാവ് പാലം. പാലത്തിന്റെ അപ്രോച്ച് റോഡിൽ തെരുവു വിളക്ക് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ തെളിയാറൂളൂ. ഇരുട്ട് കാരണം ഇതിലൂടെയുള്ള രാത്രി യാത്ര വളരെ പ്രയാസകരമാണ്. സർവീസ് ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് എറണാകുളത്തു നിന്നും കാഞ്ഞിരമറ്റം, കോട്ടയം, ഭാഗങ്ങളിലേക്ക് ഇതിലൂടെ പോകുന്നത്. നടപ്പാത ഇല്ലാത്തതിനാൽ ഇരുട്ടിലൂടെ കാൽനട യാത്രക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. അധികൃതർ ഇടപെട്ടു പാലത്തിൽ തെരുവു വിളക്കുകൾ സ്ഥിരമായി തെളിയുന്ന സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നടപ്പാത പോലും ഇല്ല
റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ പാലത്തിന്റെ പ്രാധാന്യവും കൂടിവരികയാണ്. ഉദയംപേരൂർ - ആമ്പല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പതിറ്റാണ്ടുകൾക്കു മുൻപു ഇറിഗേഷൻ വകുപ്പ് ബണ്ടോടു കൂടി പാലം നിർമിച്ചപ്പോൾ റോഡിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. അതിനാൽ റോഡിന്റെ വീതിക്കനുസരിച്ചു പാലം നിർമിച്ചതല്ലാതെ നടപ്പാത പോലും ഒരുക്കിയിരുന്നില്ല. പാലത്തോടൊപ്പമുള്ള ബണ്ട് തകരാറിൽ ആയതിനാൽ പുതിയ ബണ്ടിന്റെ നിർമാണം ഇപ്പോൾ നടക്കുന്നുണ്ട്. പുതിയ ബണ്ട് നിർമിക്കുന്നതിന്റെ ഒപ്പം പുതിയ പാലവും നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.