കോർപറേഷൻ വാങ്ങും, 237 ഇ– മുച്ചക്ര സൈക്കിൾ; ചെലവ് 5 കോടി രൂപ
Mail This Article
കൊച്ചി ∙ മാലിന്യ നീക്കത്തിനായി കൊച്ചി കോർപറേഷൻ 237 ഇലക്ട്രിക് മുച്ചക്ര സൈക്കിൾ കൂടി വാങ്ങുന്നു. സ്മാർട് സിറ്റി മിഷന്റെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) ഫണ്ട് ഉപയോഗിച്ചാണ് സൈക്കിൾ വാങ്ങുക. പദ്ധതിക്കു വേണ്ടി 5 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയത്. ഒരു മുച്ചക്ര സൈക്കിളിന് 2.10 ലക്ഷം രൂപയാണു വില. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി സിഎസ്എംഎൽ നൽകിയ 2.39 കോടി രൂപ ഉപയോഗിച്ച് 120 ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾ നേരത്തേ കോർപറേഷൻ വാങ്ങിയിരുന്നു. അന്ന് 1.99 ലക്ഷം രൂപയായിരുന്നു ഒന്നിന്റെ വില.
ഈ മുച്ചക്ര സൈക്കിളുകൾക്കു നിലവാരമില്ലെന്നും പലതും കട്ടപ്പുറത്താണെന്നും ലക്ഷങ്ങളുടെ പാഴ്ച്ചെലവാണ് ഇതുമൂലമുണ്ടായതെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുകയും ചെയ്തു. അന്നു വാങ്ങിയ മുച്ചക്ര സൈക്കിളിൽ 24 എണ്ണമാണ് 4 മാസത്തിനുള്ളിൽ കേടായി കട്ടപ്പുറത്തായത്. തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നാണ് അന്ന് വാങ്ങിയത്. വാർഷിക അറ്റകുറ്റപ്പണി ഉൾപ്പെടുത്തി ഗുണനിലവാരമുള്ള വാഹനങ്ങൾ വാങ്ങാൻ കോർപറേഷൻ ശ്രദ്ധിക്കണമെന്ന് അന്ന് ഓഡിറ്റ് മുന്നറിയിപ്പു നൽകിയിരുന്നു.
ഇതിനു പുറമേ, സിഎസ്എംഎലിന്റെ 3.30 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് 41 ടിപ്പർ ഓട്ടോയും കോർപറേഷൻ വാങ്ങും. ഒരു ടിപ്പർ ഓട്ടോയുടെ വില 8.05 ലക്ഷം. ഇതുൾപ്പെടെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ കോർപറേഷൻ ചെലവഴിക്കുക 11.04 കോടി രൂപയാണ്.
സാനിറ്റൈസർ വാങ്ങാൻ 2 കോടി രൂപ !
സാനിറ്റൈസർ വാങ്ങാൻ 2.07 കോടി രൂപയാണു വകയിരുത്തിയത്. ബക്കറ്റിനു 38.76 ലക്ഷം, ഗ്ലൗസിനു 12.39 ലക്ഷം, യൂണിഫോമുകൾക്ക് 68,000, ബൂട്ടുകൾക്ക് 3.80 ലക്ഷം എന്നിങ്ങനെയാണു മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാൻ തുക വകയിരുത്തിയത്. രണ്ടര കോടി രൂപ ചെലവിൽ നഗരത്തിലെ 20% വീടുകളിൽ ബയോബിന്നുകൾ നൽകാനുള്ള മറ്റൊരു പദ്ധതിയും കോർപറേഷൻ ആവിഷ്കരിച്ചിട്ടുണ്ട്.