ADVERTISEMENT

കൊച്ചി∙ പിഎഫ് പെൻഷൻ ആനുകൂല്യം ലഭിക്കാത്തതുമായി ബന്ധപ്പെട്ടു തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ജീവനൊടുക്കിയ കേസിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ചും പൊലീസും റീജനൽ പിഎഫ് ഓഫിസിലെത്തി തെളിവെടുപ്പു നടത്തി. വിവിധ സംഘടനകൾ പിഎഫ് ഓഫിസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയായിരുന്നു തെളിവെടുപ്പ്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ് ഓഫിസിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ശിവരാമൻ പലതവണ പിഎഫ് ഓഫിസ് കയറിയിറങ്ങിയിട്ടും ആനുകൂല്യം നൽകാൻ തയാറായില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പിഎഫ് അധികൃതർ വകുപ്പുതല പരിശോധനയും ആരംഭിച്ചു.

അപ്പോളോ ടയേഴ്സിലെ കരാർ ജീവനക്കാരനായിരുന്ന ശിവരാമന് പെൻഷൻ അനുകൂല്യം ലഭ്യമാക്കാൻ അധികൃതർ തയാറായില്ലെന്ന ആരോപണം ശരിയാണെന്ന നിലപാടിലാണു പിഎഫ് അപേക്ഷകരുടെയും പെൻഷൻകാരുടെയും സംഘടനകൾ. പിഎഫ് ഓഫിസിൽനിന്നു സമാനമായ അനുഭവം ഒട്ടേറെ പേർക്ക് ഉണ്ടായിട്ടുണ്ടെന്നും ശിവരാമന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അവർ പറയുന്നു.

2019ൽ ഓൺലൈനായി ലഭിച്ച അപേക്ഷ മാത്രമേ ശിവരാമന്റേതായി എത്തിയിട്ടുള്ളൂയെന്ന് റീജനൽ പിഎഫ് കമ്മിഷണർ ധനഞ്ജയ് ഭാഗവത് വ്യക്തമാക്കിയിരുന്നു. ആധാർ രേഖയിലെ പ്രായവും യഥാർഥ ജനനത്തീയതിയും തമ്മിൽ മൂന്നുവർഷത്തിലേറെ വ്യത്യാസമുണ്ടായിരുന്നതിനാൽ പ്രായം തെളിയിക്കുന്നതിന് അനുബന്ധ രേഖകൾ ആവശ്യപ്പെട്ടെന്നും എന്നാൽ അവ ഹാജരാക്കാതിരുന്നതിനാൽ 2019ലെ അപേക്ഷ തള്ളിയെന്നുമാണു കമ്മിഷണർ വിശദീകരിച്ചത്. ശിവരാമൻ പഠിച്ച കോടാലി ഗവ.സ്കൂളിലെ അന്നത്തെ രേഖകൾ ചിതലരിച്ചു നശിച്ചു എന്നാണ് അഞ്ചു വർഷം മുൻപ് അന്വേഷിച്ചപ്പോൾ സ്കൂളിൽ നിന്നു പറഞ്ഞതെന്നു വീട്ടുകാർ പറഞ്ഞു.

ശിവരാമന്റെ ആത്മഹത്യാക്കുറിപ്പിലെ ഉദ്യോഗസ്ഥനെ തേടി പൊലീസ് 
കൊച്ചി∙ പ്രോവിഡന്റ് ഫണ്ട് നിഷേധിച്ചതിലുള്ള വിഷമത്തിൽ ഇപിഎഫ് ഓഫിസിനുള്ളിൽ വിഷം കഴിച്ചു പേരാമ്പ്ര സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ, ആത്മഹത്യാക്കുറിപ്പിൽ പേരു പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥനെ കണ്ടെത്താൻ പൊലീസ് ശ്രമം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്ത തൃശൂർ പേരാമ്പ്ര അപ്പോളോ ടയേഴ്സ് മുൻ തൊഴിലാളി പേരാമ്പ്ര തേശേരി പണിക്കവളപ്പിൽ ശിവരാമൻ തനിക്കു പിഎഫ് ഓഫിസിൽ നിന്നു നേരിടേണ്ടി വന്ന അവഗണനയെപ്പറ്റി കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ പേരും ഈ കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ േപരിലൊരാൾ പിഎഫ് ഓഫിസിൽ ജോലി ചെയ്യുന്നില്ലെന്നാണു പൊലീസ് പറയുന്നത്

ഇതിനാലാണു വിശദമായ അന്വേഷണം നടത്തി ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച വ്യക്തി ആരെന്നു കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നത്. ശിവരാമനോട് ഈ വ്യക്തി പേരുമാറ്റി പറഞ്ഞതാണോ, പേരു കേട്ടതിൽ സംഭവിച്ച പിഴവാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ വിധേയമാക്കുക. ശിവരാമൻ എത്തിയ ദിവസങ്ങളിൽ പിഎഫ് ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കും. പ്രധാന ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.

ബെന്നി ബഹനാൻ നിവേദനം നൽകി 
ചാലക്കുടി ∙ പിഎഫ് ഓഫിസിൽ ജീവനൊടുക്കിയ ശിവരാമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഇങ്ങനെയരുതേ: തൃശൂർ സ്വദേശി ശിവരാമൻ കൊച്ചിയിലെ പിഎഫ് ഓഫിസിൽ വിഷം കഴിച്ചു മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിയിലേക്കു തന്റെ പരാതിയുമായെത്തിയ പാനായിക്കുളം സ്വദേശിനിയായ കെ.എ. ഭവാനി. 
ചിത്രം: ടോണി ഡൊമിനിക് ∙മനോരമ.
ഇങ്ങനെയരുതേ: തൃശൂർ സ്വദേശി ശിവരാമൻ കൊച്ചിയിലെ പിഎഫ് ഓഫിസിൽ വിഷം കഴിച്ചു മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിയിലേക്കു തന്റെ പരാതിയുമായെത്തിയ പാനായിക്കുളം സ്വദേശിനിയായ കെ.എ. ഭവാനി. ചിത്രം: ടോണി ഡൊമിനിക് ∙മനോരമ.

ഭവാനി പറയുന്നു: ഏഴു വർഷമായി ഇവിടെ കയറിയിറങ്ങുന്നു !
കൊച്ചി∙ ‘ഏഴു വർഷമായി ഞാൻ വിരമിച്ചിട്ട്. അന്നുതൊട്ട് ഈ പടികൾ കയറിയിറങ്ങുന്നു. ഇനിയും പെൻഷൻ പാസായിട്ടില്ല’. എറണാകുളം റീജനൽ പിഎഫ് ഓഫിസിന്റെ പടികളിലേക്കു നോക്കി കെ.എ.ഭവാനി പറഞ്ഞു. ബിനാനി സിങ്ക് എന്ന സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ഈ ആലുവ പാനായിക്കുളം സ്വദേശിനി. നീണ്ട സർവീസ് കാലയളവിൽനിന്നു വിരമിച്ചപ്പോൾ കിട്ടാനുള്ള പിഎഫ് തുകയെ പ്രതീക്ഷയോടെയാണ് കണ്ടത്. ‘അര ലക്ഷത്തോളം രൂപയാണു കിട്ടാനുള്ളത്. ഓരോ തവണയും ഓരോ സാങ്കേതിക കാരണങ്ങൾ പറയും’. ഭവാനി പറഞ്ഞു.

തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലേക്കാണു ഭവാനി കലൂരിലെ ഇപിഎഫ് റീജനൽ ഓഫിസിൽ എത്തിയത്. തന്റെ ദുരിതം യോഗത്തിൽ അവർ വിവരിക്കുകയും ചെയ്തു. തുടർന്ന് അവർ പിഎഫ് ഓഫിസിലേക്കു കയറിപ്പോയി. പെൻഷൻകാര്യം ഈ വരവിലെങ്കിലും സാധ്യമാകുമെന്ന പ്രത്യാശയോടെ. പക്ഷേ, വീണ്ടും വരാനുള്ള നിർദേശമാണ് ലഭിച്ചത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com