കൺതുറന്നു കാണണം ഈ കാനയുടെ അവസ്ഥ
Mail This Article
ആലങ്ങാട് ∙ പൊതു കാനയിലേക്കു സാമൂഹിക വിരുദ്ധർ വൻ തോതിൽ മാലിന്യം ഒഴുക്കുന്നതു കാരണം നാട്ടുകാർ ദുരിതത്തിൽ. കോട്ടപ്പുറം കവലയിൽ നിന്നു മാമ്പ്ര ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങളിലെ കാനയിലേക്കാണു മാലിന്യം ഒഴുക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.കാനയ്ക്കു സമീപത്തെ പല സ്ഥാപനങ്ങൾ– കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമാണ് ഏറെയുമെന്നു പരാതിയുണ്ട്.മാലിന്യം ഒഴുകിപ്പോകാതെ കാനയിൽ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ അസഹ്യമായ ദുർഗന്ധം വമിക്കുന്നുണ്ട്. ഇതോടെ കാനയ്ക്കു സമീപം താമസിക്കുന്നവർ ദുരിതത്തിലായിരിക്കുകയാണ്.
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതു മൂലം സാംക്രമിക രോഗങ്ങൾ പടരുമോ എന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കൂടാതെ കൊതുകു ശല്യവും രൂക്ഷമാണ്.ഒട്ടേറെ തവണ പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിലും പരാതിപ്പെട്ടെങ്കിലും പരിഹാരം കണ്ടില്ലെന്നാണ് ആക്ഷേപം.നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കാനയിലേക്കു മാലിന്യം ഒഴുക്കുന്നതു കാണാതിരിക്കാൻ മുകൾവശം സ്ലാബിട്ടു മൂടാനുള്ള ശ്രമവും നടക്കുന്നതായി ആക്ഷേപമുണ്ട്.അതിനാൽ, എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തി പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.