കോതമംഗലം നഗരസഭാ ബജറ്റ് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന
Mail This Article
കോതമംഗലം∙ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ശുചിത്വത്തിനും മുൻതൂക്കം നൽകി നഗരസഭയിൽ ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസത്തിനും കല, സാംസ്കാരികം, യുവജനക്ഷേമത്തിനുമായി 52.73 ലക്ഷം, ആരോഗ്യമേഖലയ്ക്ക് 2.7 കോടി, പൊതുശുചിത്വ മാലിന്യ സംസ്കരണ പരിപാടികൾക്കു 2.55 കോടി എന്നിങ്ങനെ തുക വകയിരുത്തി. കിഫ്ബി പദ്ധയിൽ ഇൻഡോർ സ്റ്റേഡിയം കം ടൗൺ ഹാൾ നിർമാണത്തിനു 10 കോടിയും അയ്യപ്പൻമുടി ഹാപ്പിനസ് പാർക്ക് നിർമാണത്തിന് 25 ലക്ഷവും സ്ലോട്ടർ ഹൗസ് നിർമാണത്തിന് 50 ലക്ഷവും ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനു 10 കോടിയും നീക്കിവച്ചു. 71,24,17,620 രൂപ വരവും 70,62,69,620 രൂപ ചെലവും 61.48 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണു ചെയർമാൻ കെ.കെ.ടോമി അവതരിപ്പിച്ചത്. യുഡിഎഫിനു ഭൂരിപക്ഷമുള്ള ധനകാര്യ സ്ഥിരസമിതി ബജറ്റിന് അംഗീകാരം നൽകാത്തതിനാലാണു വൈസ് ചെയർപഴ്സനു ബജറ്റ് അവതരിപ്പിക്കാൻ കഴിയാതെ ചെയർമാൻ അവതരിപ്പിച്ചത്.
ബജറ്റിൽ പ്രതീക്ഷയില്ല: യുഡിഎഫ്
കോതമംഗലം∙ നഗരസഭാ ബജറ്റ് പ്രതീക്ഷയില്ലാത്തതും നിരാശാജനകവുമാണെന്നു യുഡിഎഫ് കുറ്റപ്പെടുത്തി. വരുമാനം വർധിപ്പിക്കാൻ കാതലായ നിർദേശങ്ങളില്ല. ഭവനനിർമാണ പദ്ധതി അട്ടിമറിക്കപ്പെട്ടു. ആധുനിക അറവുശാല നിർമാണത്തിനു നടപടിയില്ല. കാർഷിക മേഖലയെ അവഗണിച്ചു. മുൻ ബജറ്റുകളിൽ നിർദേശിച്ചു നടപ്പാക്കാത്ത പദ്ധതികൾ ആവർത്തിച്ചിരിക്കുകയാണെന്നും യുഡിഎഫ് അംഗങ്ങളായ എ.ജി.ജോർജ്, സിജു ഏബ്രഹാം, ഷെമീർ പനയ്ക്കൽ, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, പ്രവീണ ഹരീഷ്, സിന്ധു ജിജോ, ലിസി പോൾ, റിൻസ് റോയ്, നിഷ ഡേവിസ്, നോബ് മാത്യു, സൈനുമോൾ രാജേഷ്, ബബിത മത്തായി എന്നിവർ പറഞ്ഞു.
ബജറ്റിലെ മറ്റു പദ്ധതികൾ
∙കാർഷിക മേഖല വികസനം – 32.25 ലക്ഷം.
∙മൃഗസംരക്ഷണം – 58.1 ലക്ഷം.
∙ശുദ്ധജലം – 20 ലക്ഷം.
∙വനിത, ശിശു, അഗതി, വയോജന ക്ഷേമം – 21.1 ലക്ഷം.
∙അങ്കണവാടി വികസനം, നടത്തിപ്പ് – 74 ലക്ഷം.
∙ഭവനനിർമാണം – 3.7 കോടി.
∙ടൂറിസം പദ്ധതി – 43 ലക്ഷം.
∙വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്തൽ – 46 ലക്ഷം.
∙വഴിവിളക്ക് – 45 ലക്ഷം.
∙ഓഫിസ് വൈദ്യുതീകരണം – 88 ലക്ഷം.
∙റോഡ് വികസനം – 4.05 കോടി.
∙പൊതുകെട്ടിടങ്ങളുടെ നവീകരണം – 1.48 കോടി.
∙മാലിന്യ സംസ്കരണത്തിനു വാഹനം വാങ്ങൽ – 30 ലക്ഷം.