ശുദ്ധജല തടാകത്തിലേക്കു മാലിന്യമൊഴുക്കിയ സംഭവം: നടപടി കടുപ്പിക്കും
Mail This Article
കളമശേരി ∙ കിൻഫ്രയുടെയും നഗരസഭയുടെയും ഉടമസ്ഥതയിലുള്ള 3 ഏക്കറോളം വരുന്ന ശുദ്ധജല തടാകത്തിലേക്കു മാലിന്യമൊഴുക്കി തടാകം നശിപ്പിച്ച സംഭവത്തിൽ നടപടി കടുപ്പിക്കാനൊരുങ്ങി നഗരസഭയും മലിനീകരണ നിയന്ത്രണ ബോർഡും. കിൻഫ്ര ഹൈടെക് പാർക്കിലെ ഗോൾഡ് സൂക് പാർക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നാണ് തടാകത്തിലേക്കു ജനുവരി മധ്യത്തിൽ തോട് നിർമിച്ച് അതിലൂടെ ശുചിമുറിമാലിന്യം അടക്കം ഒഴുക്കിയത്. തടാകത്തിൽ നിന്നു വെള്ളമെടുത്തു പ്രവർത്തിക്കുന്ന കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിനും കനത്ത നഷ്ടമുണ്ടായി. തടാകം ശുചീകരിക്കുന്നതിനും പാർക്കിനുണ്ടായ നഷ്ടവും കണക്കാക്കി ജനുവരി 25ന് നഗരസഭ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ നോട്ടിസിന് ആരും മറുപടി നൽകിയില്ല. മാലിന്യം ഒഴുക്കിയ കനാൽ ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചു മണ്ണുമാന്തിയന്ത്രം ഉപയോഗപ്പെടുത്തി നഗരസഭ മൂടി. ഈ പണവും നൽകാൻ ഗോൾഡ് സൂക്കോ ഇവിടത്തെ സ്ഥാപനങ്ങളൊ തയാറാവുന്നില്ല. തടാകം ശുചീകരിക്കാനും കനത്ത തുക വേണം. ജനുവരി 25 മുതൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് ചിൽഡ്രൻസ് സയൻസ് പാർക്കിന്റെ പ്രവർത്തനം.
മാലിന്യം ഒഴുക്കി പൊതുതടാകം നശിപ്പിച്ച സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ( പിസിബി) ഗോൾഡ് സൂക്കിന് അയച്ച നോട്ടിസ് അവർ കൈപ്പറ്റിയില്ല. ഗോൾഡ് സൂക് പാർക്കിലെ സ്ഥാപനങ്ങൾക്കെതിരെ ജലസംരക്ഷണ നിയമം അനുസരിച്ചുള്ള പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും നിലവിലെ സാഹചര്യം വ്യവസായ വകുപ്പിനെ ബോധ്യപ്പെടുത്തുമെന്നും പിസിബി ഉദ്യോഗസ്ഥർ അറിയിച്ചു.ഇന്നലെ ഗോൾഡ് സൂക് പാർക്കിൽ പരിശോധന നടത്തിയ പിസിബി ഉദ്യോഗസ്ഥർ മാലിന്യത്തിന്റെ ലീഗൽ സാംപിൾ ശേഖരിച്ചു. ഗോൾഡ് സൂക്കിന്റെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് ഇവിടെ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥർ പിസിബിയോട് നിസഹകരണ നിലപാടാണ് സ്വീകരിച്ചതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. കിൻഫ്രയിൽ നിന്നു ഗോൾഡ് സൂക് പാട്ടത്തിനെടുത്ത 33 ഏക്കറിൽ 40 വ്യവസായങ്ങളാണ് പ്രവർത്തിക്കുന്നത്. പൊതു മാലിന്യ സംസ്കരണ പ്ലാന്റ് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നില്ല. നഗരസഭ തോടു മൂടിയപ്പോൾ മാലിന്യം ഒഴുക്കാൻ ഗോൾഡ് സൂക് പാർക്കിന്റെ ഒരുഭാഗത്ത് കുളം കുഴിച്ചിരിക്കുകയാണ്. ശുചീകരിച്ച മലിനജലം മാത്രമേ കുളത്തിലേക്ക് ഒഴുക്കാവൂ എന്നു നിർദേശിച്ചിരുന്നുവെങ്കിലും അതു പാലിക്കുന്നില്ലെന്നും കുളത്തിലേക്കു മാലിന്യം നേരിട്ട് ഒഴുക്കുകയാണെന്നും പിസിബിയുടെ പരിശോധനയിൽ കണ്ടെത്തി.