പുഴയോര ടൂറിസം: അമൃതം പദ്ധതിയിൽ 5 കോടി രൂപ
Mail This Article
മൂവാറ്റുപുഴ∙ പുഴയോര ടൂറിസം യാഥാർഥ്യമാക്കാൻ അമൃതം പദ്ധതിയിൽ 5 കോടി രൂപ അനുവദിച്ചു. മൂന്നു പുഴകളുടെ സംഗമ കേന്ദ്രമായ മൂവാറ്റുപുഴയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ അമൃതം പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നഗരസഭ ഡ്രീം ലാൻഡ് പാർക്കിൽ നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കു പാലവും പേട്ട മുതൽ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും ഉൾപ്പെടെ ആദ്യഘട്ടമായി നിർമിക്കാനാണു തീരുമാനമെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. ഒരാഴ്ചകൊണ്ടു മണ്ണ് പരിശോധന പൂർത്തിയാക്കി വിശദമായ പദ്ധതി രേഖ തയാറാക്കി സർക്കാരിന് സമർപ്പിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
മൂന്നാറിലേക്കും ഇടുക്കിയിലേക്കും ഉള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളമാക്കി മൂവാറ്റുപുഴയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണു പുഴകളുടെ സൗന്ദര്യം പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര വികസന പദ്ധതികൾ നടപ്പാക്കുക. ബോട്ടിങ്, കയാക്കിങ്, മറ്റു സാഹസിക ജല വിനോദങ്ങൾ എന്നിവയ്ക്ക് സൗകര്യം ഒരുക്കും. നഗരസഭയുടെ മൂവാറ്റുപുഴ ഡ്രീം ലാൻഡ് പാർക്കും പുഴയും നെഹ്റു ചിൽഡ്രൻസ് പാർക്കും ബന്ധിപ്പിച്ചാണു പ്രധാനമായും പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. നാലര ഏക്കർ വരുന്ന ഡ്രീം ലാൻഡ് പാർക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടുകളും കുന്നുകളും മറ്റും അതുപോലെ നിലനിർത്തിയാണ് പാർക്ക് നിർമിച്ചത്. നിലവിലുള്ള ഡ്രീം ലാൻഡ് പാർക്കിന്റെ ഒരു ഭാഗത്ത് വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള പാർപ്പിട സമുച്ചയങ്ങളും നിർമിക്കും. 60 മീറ്റർ നീളത്തിൽ ഗ്ലാസ് പാലം നിർമിക്കാനും പദ്ധതിയുണ്ട്.