‘സംഗീതത്തെയും സാഹിത്യത്തെയും ഇഷ്ടപ്പെടുന്ന സൗമ്യനായ ആട്ടിടയൻ’
Mail This Article
മൂവാറ്റുപുഴ∙ സംഗീതത്തെയും സാഹിത്യത്തെയും ഇഷ്ടപ്പെടുന്ന സൗമ്യനായ ആട്ടിടയൻ. അനുജനായ മോൺ. തോമസ് മാത്യു കുറ്റിമാക്കലിനെ കുറിച്ച് ജ്യേഷ്ഠ സഹോദരൻ ജോയ് മാത്യു ഒറ്റവാചകത്തിൽ പറഞ്ഞു. ഇൻഡോർ ബിഷപ്പായി നിയോഗിക്കപ്പെട്ട മോൺ.തോമസ് മാത്യു മൂവാറ്റുപുഴ കല്ലൂർക്കാട് മണിയന്തടം കുറ്റിമാക്കൽ പരേതരായ മത്തായി മത്തായിയുടെയും ത്രേസ്യയുടെയും 9 മക്കളിൽ ഏറ്റവും ഇളയതാണ്.
1962 ഫെബ്രുവരി 25 നായിരുന്നു ജനനം. ഇളയ സഹോദരന്റെ ഉന്നതമായ ദൈവിക ദൗത്യത്തിനു നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കുറ്റിമാക്കൽ കുടുംബവും നാട്ടുകാരും. ആത്മീയ കാര്യങ്ങളിൽ കുട്ടിക്കാലത്തേ താൽപര്യം ഉണ്ടായിരുന്നതിനാൽ പത്ത് പൂർത്തിയാക്കിയ ഉടനെ ചങ്ങനാശേരി സെമിനാരിയിൽ ചേർന്നു. ചങ്ങനാശേരിയിൽ പ്രീഡിഗ്രി പഠനത്തിനു ശേഷം ഇൻഡോറിലേക്കു പോയി. 1987 നവംബർ 25ന് വൈദികനായി.
സ്കൂളിൽ ലളിതഗാന, പ്രസംഗ മത്സരങ്ങളിൽ അദ്ദേഹം തുടർച്ചയായി പങ്കെടുക്കും. വൈദികനായ ശേഷവും പാട്ടു പാടാനും പ്രസംഗിക്കാനുമുള്ള അവസരങ്ങളൊന്നും പാഴാക്കാറില്ല. ജനുവരിയിൽ കല്ലൂർക്കാട് എത്തിയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം പാട്ടുകളൊക്കെ പാടി ആഘോഷിച്ചാണു തിരികെ മടങ്ങിയത്. പുതിയ നിയോഗത്തിൽ സന്തോഷം പങ്കിടാൻ നാട്ടുകാരും ജനപ്രതിനിധികളും വീട്ടിലേക്ക് എത്തിയതായി ജോയ് മാത്യു പറഞ്ഞു.