മറൈൻ ഡ്രൈവിൽ പൊലീസ് പരിശോധന; 2 പേർക്കെതിരെ കേസ്
Mail This Article
കൊച്ചി ∙ ലഹരിമരുന്നു പിടികൂടാനായി രാത്രിയിൽ മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ചു പൊലീസ് പരിശോധന. രാത്രി 9 മണിയോടെ തുടങ്ങിയ പരിശോധന ഒരു മണിക്കൂറിലേറെ നീണ്ടു. ചിലരിൽ നിന്നു ചെറിയ അളവിൽ ലഹരിമരുന്നു പിടിച്ചെടുത്തിട്ടുണ്ട്. 2 പേർക്കെതിരെ കേസെടുത്തു.
സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദറിന്റെ നിർദേശ പ്രകാരം ഡിസിപി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നാലു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എസിപിമാരായ വി.കെ. രാജു, നിസാമുദ്ദീൻ,ടി.ആർ. ജയകുമാർ തുടങ്ങിയവർ പൊലീസ് സംഘങ്ങൾക്കു നേതൃത്വം നൽകി.
മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ചു രാത്രിയിൽ ലഹരിമരുന്ന് ഇടപാടുകൾ വ്യാപകമാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.മറൈൻ ഡ്രൈവിലെ 3 കിലോമീറ്ററോളം വരുന്ന ഭാഗത്താണു പരിശോധന നടത്തിയത്. ആലപ്പുഴയിൽ നിന്നു കാണാതായ 3 ആൺകുട്ടികളെ പരിശോധനയ്ക്കിടെ സംഘം മറൈൻ ഡ്രൈവിൽ നിന്നു കണ്ടെത്തി. ഇവരെ രക്ഷിതാക്കളുടെ പക്കൽ ഏൽപിച്ചു.
ഒട്ടേറെ മോഷണ കേസിൽ പ്രതിയായ ചോറ്റാനിക്കര സ്വദേശി സന്തോഷിനെ പിടികൂടി.പരിശോധനയ്ക്കായി 150 പൊലീസുകാരെയാണു മറൈൻ ഡ്രൈവിലും ഹൈക്കോടതി ജംക്‌ഷനിലും വിന്യസിച്ചത്. ഡോഗ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു.
അബ്ദുൽകലാം മാർഗിന്റെ തുടക്കം മുതൽ ഗോശ്രീ പാലം വരെ നീണ്ടു കിടക്കുന്ന മറൈൻ ഡ്രൈവിലുടനീളം പൊലീസ് സംഘം പരിശോധന നടത്തി. മറൈൻ ഡ്രൈവിലെ രാത്രികാല സന്ദർശകരുടെയും കച്ചവടക്കാരുടെയും ബാഗുകൾ ഉൾപ്പെടെ തുറന്നു പരിശോധിച്ചു. വരും ദിവസങ്ങളിലും പ്രദേശത്തു പൊലീസിന്റെ രാത്രികാല പരിശോധന തുടരും.