മംഗലത്ത് മനയിൽ വൻ തീപിടിത്തം
Mail This Article
പിറവം∙രാമമംഗലത്ത് മംഗലത്തുമനയിൽ തീപിടിത്തം. രാമമംഗലത്തിന്റെ ചരിത്രവുമായി അടുത്ത ബന്ധമുള്ള മനയാണിത്. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും ഹൈസ്കൂൾ സ്ഥാപക മാനേജരുമായിരുന്ന മംഗലത്ത് രാമൻ നമ്പൂതിരിയുടെ തറവാടാണിത്. ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധമായ അഗ്നിസാക്ഷി നോവലിലും മനയെ കുറിച്ചു പരാമർശമുണ്ട്. രാത്രി 8മണിയോടെ ഉണ്ടായ തീപിടിത്തത്തിൽ കനത്ത നാശമുണ്ടായതായാണു വിവരം. രാമമംഗലത്തു നിന്നു ഉൗരമനയിലേക്കുള്ള റോഡരികിൽ മെതിപാറയ്ക്കു സമീപത്തായാണു മന സ്ഥിതി ചെയ്യുന്നത് .
അടുത്തയിടെ നവീകരണം നടന്ന മനയിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല.സമീപത്തു താമസിക്കുന്നവരാണ് തീപിടിത്തം ആദ്യം കണ്ടത്. വൈകാതെ വീടിനുള്ളിൽ നിന്നും തീ ആളി. മുറിക്കുള്ളിൽ തടി കൊണ്ടുള്ള സിലിങിനും മറ്റും തീ പിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടർന്നു. കൂത്താട്ടുകുളം, പിറവം എന്നിവിടങ്ങളിൽ നിന്നു അഗ്നിരക്ഷാ സേന എത്തിയാണു തീയണച്ചത്. രാത്രി വൈകിയും അഗ്നിരക്ഷാസേന സ്ഥലത്തുണ്ട്.