തലയ്ക്ക് മീതെ തൂങ്ങിയാടി വഴിവിളക്ക്; എന്നാണ് വെളിച്ചം വീഴുക
Mail This Article
വരാപ്പുഴ ∙ ദേശീയപാതയിൽ വരാപ്പുഴ പാലത്തിനു മുകളിൽ യാത്രക്കാരുടെ തലയ്ക്കു മീതെ അപകടകരമായി തൂങ്ങിയാടി വഴിവിളക്ക്. ചേരാനല്ലൂരിൽ നിന്നു വരാപ്പുഴ ഭാഗത്തേക്കു പോകുന്ന ദിശയിലാണു കേബിളിൽ മാത്രമായി ലൈറ്റ് തൂങ്ങിക്കിടക്കുന്നത്. കേബിൾ ഘടിപ്പിച്ചിരുന്ന ഹുക്കുകൾ തുരുമ്പെടുത്തു ദ്രവിച്ചാണ് ലൈറ്റ് താഴേക്കു വീണതെന്നാണു കരുതുന്നത്. കേബിളിന്റെ ഉറപ്പിൽ മാത്രമാണിപ്പോൾ ലൈറ്റ് തൂങ്ങി കിടക്കുന്നത്. മാസങ്ങൾക്കു മുൻപും ഇവിടെ ഇത്തരത്തിൽ മറ്റൊരു ലൈറ്റ് താഴേക്കു വീണിരുന്നു. ശക്തമായ കാറ്റും മഴയുമുണ്ടാകുമ്പോൾ ലൈറ്റ് അപ്രതീക്ഷിതമായി താഴേക്കു പതിക്കാനുള്ള സാധ്യതയുണ്ട്. വാഹനങ്ങളുടെ ചില്ലിൽ ലൈറ്റ് വീണാലും യാത്രികരുടെ തലയിൽ വീണാലും വലിയ അപകടമുണ്ടാകും.
പാലത്തിലെ ലൈറ്റ് കാലുകൾ എല്ലാം കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്തി ബലം ഉറപ്പാക്കണമെന്നു നിർദേശമുണ്ടെങ്കിലും ഇൗ കാര്യങ്ങൾ ആരുടെ ഉത്തരവാദിത്തത്തിലാണു നടത്തേണ്ടതെന്നതിലും പഞ്ചായത്തും പൊതുമരാമത്ത് വിഭാഗവും ദേശീയപാത അധികൃതരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകളും പരസ്യം പതിച്ചു വരുമാനമുണ്ടാക്കുന്നതിനും ഉത്തരവാദിത്വം വരാപ്പുഴ, ചേരാനല്ലൂർ പഞ്ചായത്തുകൾക്കാണ് വീതിച്ചു നൽകിയിട്ടുള്ളത്. നിലവിൽ ഒരുവശത്തു മാത്രമാണു ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. അപകടമേഖലയായ പാലത്തിൽ മതിയായ വെളിച്ചവും സുരക്ഷയും ഉറപ്പാക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ആവശ്യം ശക്തമാണ്.