കരിമീൻ 550 രൂപ, തിലാപ്പിയ 250, നാരൻ ചെമ്മീൻ 300; കടലിൽ വറുതി, ആശ്രയം ചെമ്മീൻ കെട്ടുകൾ
Mail This Article
എളങ്കുന്നപ്പുഴ∙ കടലിൽ വറുതി. മീൻകാണാനില്ല. വൈപ്പിൻ,മുനമ്പം ഹാർബറുകളിൽ ഫിഷിങ് ബോട്ടുകൾ കെട്ടിയിട്ടിട്ടു ഒരുമാസം. മീൻപിടിത്ത വള്ളങ്ങൾ 2 മാസമായി കടലിൽ ഇറങ്ങുന്നില്ല. ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും ചെലവു കാശുപോലും ലഭിക്കാതായതോടെ അവ കടക്കെണിയിലായി. ചെറുവഞ്ചികളുടെ സ്ഥിതിയും മറിച്ചല്ല. ചെറുബോട്ടുകൾക്കു പൂവാലൻ ചെമ്മീൻ ലഭിക്കേണ്ട സമയമാണ്. അവയുടെ പൊടിപോലും കാണാനില്ലെന്നു തൊഴിലാളികൾ പറയുന്നു. വളളങ്ങൾക്കു ചാളയായിരുന്നു പ്രതീക്ഷ. ആഴക്കടൽ മീൻപിടിത്തബോട്ടുകൾക്കും മീൻ ലഭിക്കുന്നില്ല. ചൂണ്ടബോട്ടുകൾ ആഴ്ചകൾ കടലിൽ തങ്ങി വെറും കയ്യോടെ മടങ്ങി. 5 ലക്ഷം രൂപ വരെ പലരും കടത്തിലാണ്. ചീനവലകളിലും മീൻ പഴയപോലെ ലഭിക്കുന്നില്ല.
വളളങ്ങളും ബോട്ടുകളും നടത്തുന്ന രാത്രികാല മീൻപിടിത്തമാണു ചെമ്മീൻ വരവ് ഇല്ലാതാക്കിയതെന്നു വൈപ്പിൻ ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.സെബാസ്റ്റ്യൻ ആരോപിച്ചു. ആഴക്കടൽ മീൻപിടിത്ത ബോട്ടുകൾ മീൻ ലഭിക്കാതെ മടങ്ങുമ്പോൾ ചെലവു കാശിന് തീരക്കടലിൽ നിന്നു ചെറിയചാള,അയില എന്നിവയെ പിടിച്ചു വളത്തിനു വിൽക്കുന്നത് മീൻക്ഷാമം ക്ഷണിച്ചു വരുത്തുകയാണെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ലാസെക്രട്ടറി പി.വി.ജയൻ ആരോപിച്ചു. ആഴക്കടൽ ബോട്ടുകൾ ഇത് നിഷേധിക്കുകയാണ്. ആരോപണപ്രത്യാരോപണങ്ങൾ ഉയരുമ്പോഴും മീൻക്ഷാമം മത്സ്യത്തൊഴിലാളികളെയും ഉടമകളെയും മാത്രമല്ല ഹാർബർ,മാർക്കറ്റ്,
അനുബന്ധ വ്യവസായം,ഹോട്ടൽ തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. ബോട്ടുകളിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പതിവിലും നേരത്തെ വീടുകളിലേക്കു മടങ്ങി. ഇനി ഈസ്റ്റർ കഴിഞ്ഞേ അവർ തിരിച്ചെത്തുകയുള്ളു. ചെമ്മീൻ കെട്ടുകളിൽ മീൻപിടിത്തം തുടങ്ങിയതിനാൽ ആഭ്യന്തര മാർക്കറ്റിൽ മീൻക്ഷാമം കാര്യമായി ബാധിച്ചിട്ടില്ല. കരിമീൻ 550 രൂപ,തിലാപ്പിയ 250,നാരൻ ചെമ്മീൻ 300,ചൂടൻ ചെമ്മീൻ 200,തെളളി ചെമ്മീൻ 140 എന്നിങ്ങിനെയാണു കിലോഗ്രാമിന് വില. ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന കടൽമീനുകളും ലഭിക്കും.