‘ആടുജീവിതം സിനിമ ഫോണിൽ പകർത്തി’, അടുത്തിരുന്ന നടി തിയറ്റർ ഉടമയെ അറിയിച്ചു; ശേഷം..
Mail This Article
കൊച്ചി∙ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി. റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിലാണു ടെലിഗ്രാമിലുൾപ്പെടെ ചിത്രത്തിന്റെ വ്യാജ പതിപ്പു പ്രചരിച്ചത്. എറണാകുളം സൈബർ സെല്ലിലാണു ബ്ലെസി പരാതി നൽകിയത്. ഓൺലൈനിൽ സിനിമ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണു പരാതി. പ്രതിയുടെ ഫോൺ സംഭാഷണവും ബ്ലെസി പൊലീസിനു കൈമാറിയിട്ടുണ്ട്.
ഇതിൽ ഒരു തിയറ്ററിൽ ചിത്രം റെക്കോർഡ് ചെയ്‌തതായി പ്രതി സമ്മതിക്കുന്നുണ്ട്. അതേസമയം, ‘ആടുജീവിതം’ സിനിമ തിയറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച് തിയറ്റർ ഉടമ നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് യുവാവിനെതിരെ കേസെടുത്തു. ആറന്മുള മാലക്കര സ്വദേശി ജോസഫ് കെ.ജോണിനെതിരെയാണു (37) കേസ്. വ്യാഴാഴ്ച രാത്രി പ്രദർശനത്തിനിടെയാണു യുവാവു മൊബൈലിൽ സിനിമ പകർത്തിയതെന്നു ചെങ്ങന്നൂർ സീ സിനിമാസ് ഉടമ ബാബു മാത്യുവിന്റെ പരാതിയിൽ പറയുന്നു.
സമീപത്തെ സീറ്റിൽ ഉണ്ടായിരുന്ന നടി ആലീസ് ക്രിസ്റ്റിയാണു വിവരം തിയറ്റർ ഉടമയെ അറിയിച്ചത്. എന്നാൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു എന്നാണു യുവാവ് പറയുന്നത്. ഫോണിൽ നിന്നു സിനിമയുടെ ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ലെന്നും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്നും എസ്എച്ച്ഒ സി.ദേവരാജൻ പറഞ്ഞു.